മാതാവ് സബൂറക്കൊപ്പം ആടിന് തീറ്റ കൊടുക്കുന്ന റംഷാദ്

ബി.ടെക്കുകാരൻ റംഷാദിന് താൽപര്യം കൃഷിയോട്

ആലത്തൂർ: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ബിരുദധാരിയായ റംഷാദിന് ഏറെ താൽപര്യം കൃഷിയോടാണ്. പ്രോഗ്രാം കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന റംഷാദിന്‍റെ മറ്റൊരു വിനോദം സൈക്കിൾ റൈഡിങ്ങാണ്. ആത്മസംതൃപ്തിയോടെ ചെയ്യുന്നതാകട്ടെ സംയോജിത കൃഷി പരീക്ഷണങ്ങളും. ആലത്തൂർ വെങ്ങന്നൂർ കാടാങ്കോട് കൽക്കി നിവാസിൽ ബഷീർ-സബൂറ ദമ്പതികളുടെ മകനാണ് റംഷാദ്.

കൃഷിയെക്കുറിച്ച് വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ് ബിടെക്ക് കാരനായ ഈ ചെറുപ്പക്കാരന്‍റേത്. കൃഷി പണം സമ്പാദിക്കൽ മാത്രമാകരുത് ജീവിത ശൈലിയായി മാറണമെന്നാണ് റംഷാദ് പറയുന്നത്. മനുഷ്യന്‍റെ നിലനിൽപ്പിനും ആരോഗ്യത്തിനും മാലിന്യ സംസ്‌കരണത്തിനും ജലസംരക്ഷണത്തിനും നല്ല പ്രകൃതിക്കും അന്തരീക്ഷത്തിനും കൂടിയാകണം കൃഷിരീതി.

അതിനായി പുതിയ സാങ്കേതിക വിദ്യകളും അറിവുകളും ഉപയോഗപ്പെടുത്തുന്നത് നല്ലതാണ്. സ്‌കൂളിൽ പഠന കാലത്ത് തന്നെ റംഷാദ് കൃഷിയിൽ തൽപരനായിരുന്നു. വാഴ വെക്കുക, മീനും കോഴികളെയും വളർത്തുക എന്നതെല്ലാം നന്നായി ചെയ്തിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് ബഷീറും ഉമ്മ സബൂറയും സഹോദരങ്ങളായ നിഷാദും റിഷാദും റംസീനയുമൊക്ക റംഷാദിന് പ്രോത്സാഹനമായി ഒപ്പമുണ്ട്. 

ഹൈടെക് കൃഷിയോടാണ് റംഷാദിന് താൽപര്യം. വലിയ മുതൽമുടക്ക് വേണ്ടിവരുമെന്നതും മുതൽമുടക്ക് തിരിച്ചുകിട്ടാൻ കാലതാമസം വരുമെന്നതും മാറ്റിവെച്ചാൽ ഹൈടെക് കൃഷിയാണ് നല്ലതെന്ന അഭിപ്രായമാണ് റംഷാദിനുള്ളത്. ലളിതമായ സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിനെ തരണം ചെയ്യാമെന്നുമാണ് റംഷാദ് പറയുന്നത്. അക്വാപോണിക്‌സ് മീൻ വളർത്തലാണ് ആദ്യം ചെയ്തത്. ഇതിന്‍റെ പ്ലാന്‍റ തയ്യാറാക്കാൻ വലിയ തുക വേണ്ടിവരും. എന്നാൽ, ബിടെക്കുകാരനായ റംഷാദ് തൻ്റെ ഭാവനയിൽ തന്നെ കുറഞ്ഞ ചെലവിൽ പ്ലാൻ്റ് സ്വന്തമായി പ്ലാൻ്റ് സ്വന്തമായി ഉണ്ടാക്കി.

ടാങ്കിൽ മീൻ വളർന്നു ടാങ്കിലെ വെള്ളവം മീൻ കാഷ്ടവും ഉപയോഗിച്ച് പച്ചക്കറികൃഷി ആരംഭിച്ചു. പരീക്ഷണം അത്ര വിജയമായിരുന്നില്ലെങ്കിലും അതിലൂടെ ലഭിച്ച അനുഭവത്തിലൂടെ രാസവളവും കീടനാശിനിയും ഒഴിവാക്കി ജൈവ പച്ചക്കറികൃഷിയിലായിരുന്നു അടുത്ത പരീക്ഷണം. വഴുതിനയും വെണ്ടയും പാവലും പടവലവുമൊക്കെ നന്നായി വിളഞ്ഞു. കൃഷിഭന്‍റെ മാർഗ്ഗനിർദേശം കൂടി ലഭിച്ചത് സഹായവുമായി.

ഇപ്പോൾ ആട് കരിങ്കോഴി എന്നിവയും വളർത്തുന്നുണ്ട്. കോഴിക്കൂടും ആട്ടിൻകൂടുമൊക്കെ സ്വന്തമായി നിർമ്മിച്ചവയാണ്. കൂടി മുകളിൽ സ്ഥാപിച്ചിട്ടുള്ള വലയിലേക്ക് പച്ചക്കറി കൃഷിയിലെ വള്ളികൾ കയറ്റിവിട്ട് ഗ്രീൻ ഹൗസാക്കാനാണ് പരിപാടി. മൾബറി, അസോള, പപ്പായ എന്നവയും കൃഷി ചെയ്യുന്നുണ്ട്. കോഴിത്തീറ്റയും പച്ചിലകളും ഉപയോഗിച്ചുള്ള മിശ്രിതമാണ്  കോഴിക്ക് തീറ്റയായി നൽകുന്നത്.

താനൊരു മാതൃകാ കർഷകനാണെന്നോ അതിൽ വിജയിച്ചുവെന്ന അവകാശ വാദമൊന്നും റംഷാദിനില്ല. ഉന്നത വിദ്യാഭ്യാസം ലഭിച്ചാലും ചെറുപ്പക്കാർക്ക് പച്ചക്കറിയും കോഴിയും ആടുവളർത്തൽ തുടങ്ങിയ കോഴികൃഷിയുമൊക്കെ ജീവിതത്തിന്‍റെ ഭാഗമാക്കാമെന്ന സന്ദേശം നൽകുകയാണ് റംഷാദ്.

Tags:    
News Summary - B.Tech student Ramshad is interested in agriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.