തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ ഡെപ്യട്ടി ജനറല്‍ മാനേജറുടെ മുന്‍കൂര്‍ ജാമ്യം തള്ളി. നാഗര്‍കോവില്‍ ബി.എസ്.എന്‍.എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരും സഹകരണ സംഘം വൈസ് പ്രസിഡന്റുമായ ഇന്ദീവരത്തില്‍ മിനിമോളുടെ മുന്‍കൂര്‍ ജാമ്യമാണ് കോടതി തള്ളിയത്.
ആറാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ഹരജി തള്ളിയത്. അന്വേഷണ സംഘത്തിന്റെ നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹരജിക്കാരി മാർച്ചിൽ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ഇതേ കോടതി നേരത്തേ തള്ളിയിരുന്നു. ഹരജി തള്ളിയത് മുതല്‍ മൂന്ന് മാസം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ നിങ്ങള്‍ക്ക് ആയില്ലേയെന്ന് കോടതി ചോദിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ടല്ലേ നിങ്ങള്‍ പ്രതിയെ പിടികൂടാതിരുന്നതെന്നും കോടതി ചോദിച്ചു.
വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുള്ളത് കൊണ്ട് ജാമ്യം നല്‍കരുതെന്ന് നിങ്ങള്‍ക്ക് എങ്ങനെ കോടതിയോട് ആവശ്യപ്പെടാനാകും എന്നായിരുന്നു കോടതിയുടെ മറ്റൊരു ചോദ്യം. കേസില്‍ പ്രതിയുടെ നിര്‍ണായക പങ്ക് പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു.
നിക്ഷേപകര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി 250 കോടിയിലേറെ രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. മിനിമോള്‍ കേസിലെ പത്താം പ്രതിയാണ്. പ്രതികള്‍ക്കെതിരെ എഴുന്നൂറിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1255 നിക്ഷേപകരില്‍ നിന്ന് 45 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു പ്രാരംഭ അന്വേഷണത്തില്‍ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിലാണ് കോടികള്‍ തട്ടിയെടുത്ത പ്രതികള്‍ തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഇഷ്ടക്കാരുടെയും പേരില്‍ നിരവധി വസ്തുക്കളും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലടക്കം നിക്ഷേപങ്ങളും നടത്തിയിരിക്കുന്നതായി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.