തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് ഒരു മാസത്തോളമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം എഫ്35ന്‍റെ തകരാർ പരിഹരിച്ചുവെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. തിരികെപ്പോകുന്നതിനു മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ ഇന്നുണ്ടാകുമെന്നും അധികൃർ പറഞ്ഞു.
സാങ്കേതിക തകരാർ പരിഹരിച്ച വിമാനം ഇന്ന് ഹാങറിൽ നിന്ന് മാറ്റും. ട്രയലിന്‍റെ അടിസ്ഥാനത്തിലായിരിക്കും ബ്രിട്ടിനിലേക്ക് കൊണ്ടു പോകുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുക. വിമാനത്തിന്‍റെ തകരാർ പരിഹരിക്കുന്നതിന് വിദഗ്ദ സംഘം ബ്രിട്ടനിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. തകരാർ പരിഹരിക്കപ്പെട്ടെന്ന് ബോധ്യമായാൽ നാളെത്തന്നെ തിരികെ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ14നാണ് മോശം കാലാവസ്ഥയും ഇന്ധനക്കുറവും സാങ്കേതിക തകരാറും കാരണം ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായ യുദ്ധ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കുന്നത്. ലാൻഡിങ് ഗിയറിലും ബ്രേക്കിങ് സംവിധാനത്തിലുമുൾപ്പെടെ തകരാർ പരിഹരിക്കുന്നതിനായി ബ്രിട്ടനിൽ വിദഗ്ദ സംഘം ഇത്രയും നാൾ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി കിടന്ന വിമാനം കേരളത്തിൽ വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. കേരള ടൂറിസം ഡിപ്പാർട് മെന്‍റ് പ്രമോഷനു വേണ്ടിയും വിമാനത്തിന്‍റെ ചിത്രം ഉപയോഗിച്ചിരുന്നു.
തുടക്കത്തിൽ വിമാനത്തിന്‍റെ ചിറകുകൾ അഴിച്ചുമാറ്റി മറ്റൊരു വിമാനത്തിൽ കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ മികച്ച സംവിധാനങ്ങളുള്ള വിമാനങ്ങളിലൊന്നാണ് എഫ്35ബി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.