കട്ടപ്പന: രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ ഉയർന്ന തുക വിജിലൻസ് കണ്ടെത്തിയ സംഭവത്തിൽ കട്ടപ്പന സബ് രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്കിന് സസ്‌പെൻഷൻ. സബ് രജിസ്ട്രാർ ഓഫിസിലെ സീനിയർ ക്ലർക്ക് എസ്. കനകരാജിനെയാണ് രജിസ്‌ട്രേഷൻ ഇൻസ്‌പെക്ടർ സസ്പെൻഡ് ചെയ്തത്.
സബ് രജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ ആധാരം എഴുത്തുകാർ മുഖേന രജിസ്റ്റർ ചെയ്യുന്ന ഓരോ ആധാരത്തിനും കക്ഷികളിൽനിന്ന് കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. ഇങ്ങനെ പിരിച്ചെടുക്കുന്ന പണം റെക്കോഡ് റൂമിലെ അലമാരകൾക്കുള്ളിൽ ഒളിപ്പിക്കുകയും ഓഫിസ് സമയത്തിന് ശേഷം വീതിച്ചെടുക്കുകയും ചെയ്യുന്നു എന്നായിരുന്നു വിവരം.
തുടർന്ന്, കഴിഞ്ഞ ജനുവരിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ സീനിയർ ക്ലർക്ക് കനകരാജിന്റെ പക്കൽനിന്ന് പേഴ്‌സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ 3470 രൂപ അധികം കണ്ടെടുത്തു.സംഭവത്തിൽ തൃപ്തികരമായ വിശദീകരണം നൽകാൻ കനകരാജിന് കഴിഞ്ഞില്ല. തുടർന്ന് വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.