തിരുവനന്തപുരം: വസ്തു പോക്കുവരവ് ചെയ്യാൻ ഭൂ ഉടമയിൽനിന്ന് 5000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷൽ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. വെള്ളാവൂർ വില്ലേജ് ഓഫിസിലെ ബി. അജിത് കുമാറാണ് പിടിയിലായത്.
കോട്ടയം വെള്ളാവൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി വാങ്ങിയ എട്ടര സെന്റിന്റെ രജിസ്ട്രേഷൻ കഴിഞ്ഞ നാലിന് കറുകച്ചാൽ സബ് രജിസ്ട്രാർ ഓഫിസിൽ നടത്തുകയും തുടർന്ന് ഈ വസ്തുവിന്റെ പോക്കുവരവ് ചെയ്യുന്നതിലേക്ക് സബ് രജിസ്ട്രാർ ഓഫിസിൽനിന്നു വെള്ളാവൂർ വില്ലേജ് ഓഫിസിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.
പോക്കുവരവ് നടപടികൾ വൈകിയതോടെ പരാതിക്കാരൻ നേരിട്ട് വില്ലേജ് ഓഫിസിൽ എത്തിയെങ്കിലും ഈസമയം വില്ലേജ് ഓഫിസർ അവധിയിലായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷൽ വില്ലേജ് ഓഫിസർ അജിത് കുമാറിനെ കണ്ടു. വില്ലേജ് ഓഫിസറോട് സംസാരിച്ച് പോക്കുവരവ് ചെയ്ത് കൊടുക്കാമെന്നും അയൽവാസിയുടെ സമ്മതപത്രം ഹാജരാക്കണമെന്നും അജിത് കുമാർ പറഞ്ഞു. അയൽവാസിയുടെ സമ്മതപത്രം ലഭിക്കാത്തതിനാൽ വീണ്ടും വില്ലേജ് ഓഫിസിൽ എത്തിയതോടെയാണ് അജിത് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 2,000 രൂപ നിർബന്ധിച്ച് വാങ്ങിയെടുക്കുകയും ചെയ്തു. പരാതിക്കാരൻ ഈ വിവരം കോട്ടയം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച ഉച്ചക്ക് കൈയോടെ പിടിയിലാകുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.