തിരുവനന്തപുരം: സംസ്ഥാനത്തെ ബ്രൂവറികളിൽ പലതിലും ഉൽപാദനം നടക്കുന്നില്ലെന്ന് സർക്കാർ. മദ്യനയത്തിൽ ഉൽപാദനം നിർത്തിയ ബ്രൂവറികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് കുറുക്കുവഴിയിലൂടെ സർക്കാർ ഒയാസിസ് കമ്പനിയെ ആനയിക്കുന്നത്. 11 ഡിസ്റ്റിലറികളിലൂടെയും എട്ട് വിദേശമദ്യ ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂനിറ്റുകളിലൂടെയും മൂന്ന് ബ്രൂവറികളിലൂടെയുമാണ് സംസ്ഥാനത്ത് മദ്യ ഉൽപാദനം. അതിൽ ഒരു ഡിസ്റ്റിലറിയിലും ഒരു ബ്ലെൻഡിങ് ആൻഡ് ബോട്ടിലിങ് യൂനിറ്റിലും രണ്ട് ബ്രൂവറികളിലും ഉൽപാദനമില്ല. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശമദ്യ വിൽപനശാലകളുടെ എണ്ണം കേരളത്തിൽ വളരെ കുറവാണെന്നും മദ്യ ഉപഭോഗത്തിൽ കേരളം പിന്നിലാണെന്നും മദ്യനയം ചൂണ്ടിക്കാട്ടുന്നു.
പഴങ്ങളിൽനിന്നും മറ്റും വീര്യംകുറഞ്ഞ വീഞ്ഞ് ഉൽപാദിപ്പിക്കാനുള്ള 2022ലെ വൈനറി പദ്ധതിയും പാളി. ഓരോ സീസണിലും ലഭ്യമാകുന്ന പഴങ്ങൾ ഉപയോഗിച്ച് പഴങ്ങളിൽനിന്നും മറ്റും വീര്യംകുറഞ്ഞ മികച്ച വീഞ്ഞ് ഉൽപാദിപ്പിച്ച് കാർഷികമേഖലയെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, നടപടിക്രമങ്ങളിലെ വെല്ലുവിളിയും കുറഞ്ഞ വിലയ്ക്ക് വൈൻ വിപണിയിൽ എത്തിക്കാനാകില്ലെന്നതും തിരിച്ചടിയായി. രണ്ടു വർഷത്തിനിടെ കാസർകോട്ടെ ഒരു കർഷകൻ മാത്രമാണ് ലൈസൻസ് നേടി യൂനിറ്റ് പ്രവർത്തിപ്പിക്കുന്നത്. തിരുവില്ല്വാമലയിൽ മരച്ചീനിയിൽ നിന്നു സ്പിരിറ്റ് ഉണ്ടാക്കാൻ തുടങ്ങിയ ഡിസ്റ്റിലറിയും പൂട്ടി. സാഹചര്യം ഇതായിരിക്കെയാണ് രൂക്ഷ കുടിവെള്ള പ്രശ്നം നേരിടുന്ന മഴനിഴൽ പ്രദേശമായ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് അനധികൃതമായി അനുമതി നൽകിയത്.
സംസ്ഥാനത്തെ മദ്യോൽപാദന ശേഷി 36.86 ലക്ഷം കെയ്സ് ആണെങ്കിൽ വിൽപന 19.30 ലക്ഷം കെയ്സാണ്. ഉൽപാദിപ്പിക്കുന്നതിന്റെ പകുതി പോലും വിറ്റഴിക്കാനാകാത്തതിനാൽ പല ഡിസ്റ്റിലറികളും ഉൽപാദനം നിർത്തി. ഇതിനിടെ എതിർപ്പ് അവഗണിച്ച് പുതിയ ബ്രൂവറി എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം.
പൊതുമേഖല സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്റെ ഉൽപാദനം കൂട്ടുമെന്നും മലബാർ ഡിസ്റ്റിലറി ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുമെന്നും മദ്യനയത്തിൽ പറഞ്ഞിരുന്നു. പ്രതിദിനം രണ്ടു ലക്ഷം ലിറ്റർ വെള്ളം നൽകാത്തതിനാൽ എക്സൈസ് വകുപ്പിനു കീഴിലുള്ള മലബാർ ഡിസ്റ്റിലറിയിൽ ജവാൻ ബ്രാണ്ടി ഉൽപാദനം മുടങ്ങിയതിനിടെയാണ് സ്വകാര്യ ബ്രൂവറിക്ക് വെള്ളം നൽകാമെന്ന സർക്കാർ വാഗ്ദാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.