തിരുവനന്തപുരം: പാലക്കാട് ബ്രൂവറി അനുമതിയെച്ചൊല്ലി നിയമസഭയിൽ ചൂടേറിയ ചർച്ച. ‘സ്മാൾ’ ആയി തുടങ്ങിയെങ്കിലും ‘ലാർജ്’ ആയി മാറിയ വാദപ്രതിവാദങ്ങൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിലായിരുന്നു. മദ്യമൊഴുക്കാനുള്ള നീക്കത്തിൽ പ്രതിപക്ഷത്തുനിന്ന് ആശങ്ക ഉയർന്നെങ്കിലും മദ്യനിർമാണശാലക്ക് അനുമതി നൽകിയതിനെ ശരിവെക്കുന്ന നിലപാടിലായിരുന്നു ഭരണപക്ഷം. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി എന്നിവരുടെ അസാന്നിധ്യത്തിലായിരുന്നു ചർച്ച.
തിരുവഞ്ചൂർ രാധാകൃഷ്ണൻ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വാദമുഖങ്ങൾ ഒന്നൊന്നായി നിരത്തി. മദ്യം സാമൂഹിക വിപത്താണെന്നും മദ്യ ഉപയോഗം കുറച്ചുകൊണ്ടുവരുമെന്നും പറയുന്ന സർക്കാറിന്റെ ഇപ്പോഴത്തെ നയത്തെ തിരുവഞ്ചൂർ ചോദ്യം ചെയ്തു. പ്രകടന പത്രികയോട് നീതി പാലിക്കേണ്ടെയെന്നും നയത്തിൽ നിന്ന് ഒളിച്ചോടാൻ കാരണമെന്തെന്നും ചോദിച്ചു. ‘ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് മാത്രമാണ് വന്നതെന്നും ഷോർട്ട് ലിസ്റ്റ് ചെയ്തുവെന്നും ഉത്തരവിൽ പറയുന്നു. പരിചയ സമ്പത്ത്, സാമ്പത്തിക പ്രാധാന്യം എന്നിവയൊക്കെ പരിഗണിച്ചെന്നും സർക്കാറിന് സാമ്പത്തിക ലാഭം കിട്ടുമെന്നുമൊക്കെയാണ് വിശദീകരണം. ഇങ്ങെനെയാരു ഉത്തരവ് ഒയാസിസ് മാനേജ്മെന്റിനല്ലാതെ തയാറാക്കി നൽകാനാവുമോ’- തിരുവഞ്ചൂർ ചോദിച്ചു.
മദ്യ ഉപയോഗം പടിപടിയായി കുറക്കുന്ന നയം നടപ്പാക്കുമെന്ന് പറഞ്ഞവരാണ് മദ്യഫാക്ടറിക്ക് അനുമതി നൽകിയതെന്ന് ടി. സിദ്ദീഖ് കുറ്റപ്പെടുത്തി. ഇവിടെ നിരവധി ‘കെ’ ഉൽപന്നങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ‘കെ-റൈസ്’, ‘കെ-റെയിൽ’ എന്ന പോലെ ‘കെ-ബിയർ, ‘കെ- ബ്രാൻഡി’, കെ-റം’ തുടങ്ങിയവ വരാൻ പോകുന്നുവെന്നും സിദ്ദീഖ് പരിഹസിച്ചു.
കർണാടക സ്പിരിറ്റ് ലോബിയെ തൊട്ടാൽ പൊള്ളുമെന്നതിന്റെ തെളിവാണ് ബ്രൂവറി വിവാദമെന്ന് പി.പി. ചിത്തരഞ്ജൻ അഭിപ്രായപ്പെട്ടു. കർണാടക കോൺഗ്രസിന്റെ കരുത്ത് ഡിസ്റ്റിലറി ഉടമകളുടെ പണമാണ്. കർണാടക ലോബിക്ക് നഷ്ടം വരുമെന്നതിനാലാണ് കേരളത്തിലെ മദ്യം ഉൽപാദനം എതിർക്കുന്നത്. കർണാടക സ്പിരിറ്റ് വേണ്ട, ഇവിടെ ഉൽപാദിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കണം- ചിത്തരഞ്ജൻ പറഞ്ഞു. കർണാടയിലെ കോൺഗ്രസിനെ സ്പിരിറ്റ് ലോബിയുമായി ബന്ധപ്പെടുത്തിയുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കണമെന്ന പി.സി. വിഷ്ണുനാഥിന്റ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.