ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കോവിഡ് മരണം: പ്രത്യേക ധനസഹായ വിതരണം തുടങ്ങിയില്ല

തൃശൂർ: കോവിഡ് മരണത്തിനുള്ള പൊതുധനസഹായ വിതരണം 96 ശതമാനം പൂർത്തിയായപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് പ്രത്യേക ധനസഹായം കൊടുത്തുതുടങ്ങിയില്ല. കോവിഡ് മരണത്തിനുള്ള 50,000 രൂപയുടെ പൊതുധനസഹായം കൊടുത്തു കഴിഞ്ഞ ശേഷം പരിഗണിക്കാമെന്ന വിലയിരുത്തലിലാണ് റവന്യൂ ഡയറക്ടറേറ്റ് ബി.പി.എല്ലുകാരുടെ പ്രത്യേക ധനസഹായ നടപടികൾ സ്വീകരിക്കാതിരുന്നത്. ഇതിനിടെ ബി.പി.എല്ലുകാർക്ക് ധനസഹായം ലഭ്യമാക്കാനുള്ള മാനദണ്ഡം പുതുക്കിയത് അപേക്ഷകർക്ക് തിരിച്ചടിയായി. ഇതോടെ ഏറെ അപേക്ഷകളും നിരസിക്കപ്പെടുകയാണ്.

കോവിഡ് മൂലം മരിച്ചവരുടെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ മൂന്ന് വർഷം നൽകുമെന്നാണ് സംസ്ഥാന സർക്കാറിന്‍റെ വാഗ്ദാനം. പൊതുധനസഹായമായ 50,000 രൂപക്ക് പുറമെയാണിത്.

ഈ ആനുകൂല്യത്തിനായി 17,724 അപേക്ഷകൾ ലഭിച്ചു. ഇതിൽ 4210 എണ്ണം അംഗീകരിക്കുകയും 2939 എണ്ണം നിരസിക്കുകയും ചെയ്തു. 2438 അപേക്ഷകൾ ഇനിയും തീർപ്പാക്കാനുണ്ട്. അതേസമയം 54,839 പേർക്കാണ് പെതുധനസഹായം കൈമാറിയത്. ബി.പി.എല്‍ കുടുംബത്തിലെ വരുമാനദായകരായ വ്യക്തി കോവിഡ് ബാധിച്ചു മരിച്ചാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ മക്കള്‍ക്കോ സഹായധനത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ആദ്യം വ്യക്തമാക്കിയത്. അതനുസരിച്ചാണ് റവന്യൂ വകുപ്പ് അപേക്ഷ സ്വീകരിച്ച് അംഗീകാരം നല്‍കിയതും. എന്നാൽ, പുതുക്കിയ മാനദണ്ഡപ്രകാരം അംഗപരിമിതരും മാനസികവെല്ലുവിളി നേരിടുന്നവരുമായ മക്കളെ മാത്രമാണ് പരിഗണിച്ചത്.

മരിച്ചവർ 70ല്‍ താഴെ പ്രായമുള്ളവരാണെങ്കിൽ ഭാര്യ/ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ സഹായം നല്‍കാം. ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രം 21 വയസ്സില്‍ താഴെയുള്ളവരും മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിയുന്നവരുമായ ഒരു മകനോ മകള്‍ക്കോ (മൂത്തയാള്‍ക്ക്) സഹായം നല്‍കും.

കൂടാതെ മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കിയാല്‍ ബി.പി.എല്‍ പരിധിയില്‍ വരുന്നവരെയും പരിഗണിക്കും. ഇത് വില്ലേജ് ഓഫിസര്‍ അന്വേഷിച്ച് അപേക്ഷയില്‍തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു പുതുക്കിയ മാനദണ്ഡം. മാനദണ്ഡങ്ങൾ പുതുക്കിയതോടെ ബി.പി.എൽ കോവിഡ് മരണ ധനസഹായത്തിനുള്ള അർഹരുടെ പട്ടിക വളരെ കുറഞ്ഞു. ഇപ്പോൾ കാര്യമായി അപേക്ഷകരും എത്തുന്നില്ല.

ആദ്യം ലഭിച്ച അപേക്ഷകള്‍ അംഗീകരിച്ച് സഹായധന വിതരണത്തിന് റവന്യൂ വകുപ്പ് തയാറെടുക്കുന്നതിനിടെയാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്. പുതുക്കിയ മാനദണ്ഡമനുസരിച്ച് അപേക്ഷകൾ പരിശോധിച്ച് ആദ്യഘട്ട ലിസ്റ്റ് ജില്ലതലങ്ങളിൽനിന്ന് അധികൃതർക്ക് ലഭിച്ചിട്ട് മാസമായെങ്കിലും നടപടി ഉണ്ടായിട്ടില്ല.

Tags:    
News Summary - BPL peoples covid death : No special funding has been provided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.