ജലവിഭവ വകുപ്പിന്‍െറ കുഴല്‍കിണര്‍ പദ്ധതിക്ക് റവന്യൂ വകുപ്പിന്‍െറ വിലക്ക്

തൃശൂര്‍: വരള്‍ച്ച നേരിടാന്‍ ജലവിഭവ വകുപ്പ് പ്രഖ്യാപിച്ച കുഴല്‍കിണര്‍ കുഴിക്കല്‍ പദ്ധതി ദുരന്തനിവാരണത്തിന്‍െറ ഭാഗമായി റവന്യൂവകുപ്പ് തടഞ്ഞു. ജലക്ഷാമം ഇല്ലാതാക്കാന്‍ സംസ്ഥാനത്ത് മുട്ടിന് മുട്ടിന് കുഴല്‍കിണര്‍ കുഴിക്കുമെന്നാണ് ജലമന്ത്രി മാത്യു ടി. തോമസും വ്യവസായമന്ത്രി എ.സി. മൊയ്തീനും നേരത്തെ നടന്ന യോഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മേയ് 31വരെ കുഴല്‍കിണര്‍ കുഴിക്കരുതെന്ന് ശനിയാഴ്ച റവന്യൂവകുപ്പ് ഉത്തരവ് ഇറക്കി. ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അനുഗുണമല്ളെന്ന കണ്ടത്തെലാണ് നിരോധനത്തിന് പിന്നിലുള്ളത്. ഇതോടെ കുടിവെള്ളം മുട്ടുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.   

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളുടെ വരള്‍ച്ച മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞ ആറിന് തൃശൂര്‍ രാമനിലയത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തിലാണ് വാട്ടര്‍ അതോറിറ്റിയും ജലനിധിയും ചേര്‍ന്ന് സംസ്ഥാനത്താകെ 5,585 കുഴല്‍കിണറുകള്‍ പുതുതായി നിര്‍മിക്കുമെന്ന മന്ത്രി മാത്യു ടി. തോമസ് പ്രഖ്യാപിച്ചത്. 11ന് നടന്ന ജില്ലാതല അവലോകന യോഗത്തില്‍ മന്ത്രി എ.സി. മൊയ്തീനും ഇക്കാര്യം ആവര്‍ത്തിച്ചു. അനിയന്ത്രിതമായ കുഴല്‍കിണര്‍ നിര്‍മാണം  ഭൂഗര്‍ഭജലശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. സംസ്ഥാനത്തിന്‍െറ പാരിസ്ഥിതിക രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ് തീരുമാനമെന്ന് മുമ്പേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഭൂഗര്‍ഭ ജലത്തിന്‍െറ തോതിനെയും അളവിനെയും കൃത്യമായി ബാധിക്കുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലലഭ്യതക്ക് തന്നെ കോട്ടം തട്ടുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ജലസ്രോതസ്സുകളുടെ കൃത്യമായ ഉപയോഗവും തടയണകളുടെ ശാസ്ത്രീയമായ വിന്ന്യാസവും ഉണ്ടായാല്‍ ജില്ലയെ ക്ഷാമത്തില്‍ നിന്നും ക്ഷേമത്തിലേക്ക് വഴിനടത്താമെന്നായിരുന്നു എതിര്‍പക്ഷ വാദം. സമയബന്ധിതമായി ഇവ ചെയ്യണമെന്ന് പരിസ്ഥിതിവാദികള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ റവന്യൂവകുപ്പിന്‍െറ ഇടപെടല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്.

Tags:    
News Summary - borewell in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.