കോസ്റ്റൽ പൊലീസ് കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകൾ
പരിശോധിക്കുന്നു
കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്. ദുരന്തമുണ്ടാകുമ്പോൾ കുറച്ചുദിവസത്തേക്ക് മാത്രം ഉണർന്നുപ്രവർത്തിക്കുന്ന സംവിധാനങ്ങളാണ് നമുക്കുള്ളത്. സംഭവങ്ങളുടെ ചൂടാറിയാൽ അടുത്ത ദുരന്തം വരെ എല്ലാം പഴയപടിയാകും. ആടിയും പാടിയും ഉല്ലസിച്ച് നടത്തുന്ന ജലയാത്രകളാണ് സുരക്ഷ സംവിധാനങ്ങളുടെയും മുൻകരുതലുകളുടെയും അഭാവത്തിൽ കണ്ണീർകയത്തിൽ മുങ്ങിത്താഴുന്നത്. ജലയാനങ്ങളുടെ നാടായ കൊച്ചിയിലെ ഓളപ്പരപ്പുകളിലും ആശങ്കപ്പെടുത്തുന്ന യാത്രകളാണ് നടക്കുന്നത്.
മറൈൻ ഡ്രൈവിൽനിന്ന് പ്രതിദിനം സർവിസ് നടത്തുന്നത് 56 റിസ്റ്റ് ബോട്ടുകളാണ്. അനധികൃത സർവിസ് നടത്തുന്നവ വേറെ. ഏതുസമയത്തും കൊച്ചി കായലും കടലും ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുന്ന വിധത്തിലാണ് ഇവയുടെ സർവിസ്. ഇവിടെ എത്ര ഹൗസ് ബോട്ടുകളുണ്ട് എന്നതിന് അധികൃതരുടെ പക്കൽ കണക്കില്ല. ഈ രംഗത്ത് പ്രവർത്തിക്കുന്ന യാനങ്ങളുടെ ഉടമകൾക്ക് സംഘടനയുണ്ട്.
അവരുടെ പക്കൽ ഏകദേശ കണക്കുണ്ട്. സംഘടനയിൽ അംഗമല്ലാത്തവരും നിരവധിയുണ്ടെന്ന് അവർ പറയുന്നു. പ്രതിദിനം നൂറുകണക്കിനാളുകളാണ് മറൈൻ ഡ്രൈവിൽനിന്ന് ബോട്ട് സവാരി നടത്തുന്നത്. ഫോർട്ട് കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലെ കായൽയാത്രക്ക് പുറമെ കടൽ സവാരിയും വാഗ്ദാനം ചെയ്യുന്ന സർവിസുകളുണ്ട്. ഹൗസ് ബോട്ട്, പാർട്ടി ബോട്ട്, ശിക്കാര തുടങ്ങി പലവിധത്തിലാണ് സവാരി ഒരുക്കുന്നത്. മദ്യവും മറ്റ് ലഹരിവസ്തുക്കളും വിതരണം ചെയ്യുന്നുവെന്ന ആരോപണവും വ്യാപകമാണ്.
നഗരമധ്യത്തിൽനിന്ന് യാത്ര തിരിക്കാമെന്നതും മനോഹാരിതയുമാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. അന്തർസംസ്ഥാന സഞ്ചാരികളും വിദേശികളുംവരെ യാത്രക്ക് എത്തുന്നുണ്ട്. ഒരു ബോട്ടിലും സുരക്ഷക്ക് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമില്ല. ഇത്രയേറെ ബോട്ടുകളുണ്ടായിട്ടും അവയിലെ ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിന് അധികൃതർ സംവിധാനം ഒരുക്കിയിട്ടില്ല. നൂറിലധികം ആളുകളുമായി ഒഴുകുന്ന പാർട്ടി ബോട്ടുകൾ ഇവിടെയുണ്ട്.
അപകടം ഉണ്ടായാൽ എത്രപേർ ബാക്കി ഉണ്ടാകുമെന്ന് ആരും ചിന്തിക്കുന്നില്ല. ബോട്ടിലെ ഭക്ഷണവും പ്രധാന ആകർഷണമാണ്. ബോട്ടുകളിൽ തന്നെയാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബോട്ടാകെ എളുപ്പത്തിൽ കത്തിത്തീരാവുന്ന വസ്തുക്കൾ ആണ്. അപകടം ഉണ്ടാകാൻ വളരെ ചെറിയ അശ്രദ്ധ മതി. ബോട്ടു ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്കാവുന്നില്ല. ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധനപോലും കാര്യക്ഷമമല്ല.
സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാതെ കൊച്ചി കായലിൽ യാനങ്ങൾ ഒഴുകിനടക്കുന്നത് സംസ്ഥാന മാരിടൈം ബോർഡ് അധികൃതരുടെ കൺമുന്നിലാണ്. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നത് മാരിടൈം ബോർഡാണ്. ബോട്ടുകളുടെ വിസ്തൃതിയും ബലവും കണക്കാക്കിയാണ് കയറ്റാവുന്നവരുടെ എണ്ണം നിശ്ചയിച്ച് നൽകുന്നത്. ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യത്തിന് ഉദ്യോഗസ്ഥർ മാരിടൈം ബോർഡിലില്ല.
അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ ആളെ കയറ്റുന്നത് തടയാൻ പരിശോധനകളൊന്നും ഇവിടെ നടക്കുന്നില്ല. അത്തരം കാര്യങ്ങൾ നോക്കേണ്ടത് പൊലീസാണ് എന്നാണ് മാരിടൈം ബോർഡ് അധികൃതർ പറയുന്നത്. പരാതികളും അപകടങ്ങളും ഉണ്ടാകുമ്പോൾ മാത്രമാണ് പൊലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പൊലീസ് എത്താതാകുന്നതോടെ നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്യും.
മറൈൻ ഡ്രൈവിലാകെ ബോട്ട് സവാരിക്ക് ആളെ ക്ഷണിക്കുന്ന ഏജന്റുമാരുടെ നിരയാണ്. പലവിധ വാഗ്ദാനങ്ങൾ നിരത്തി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിക്കൽ ബോട്ട് സവാരിവരെ വാഗ്ദാനം ചെയ്യുന്നു. ടിക്കറ്റ് നിരക്ക് ആളും തരവും നോക്കിയാണ്. വിലപേശിയാൽ റേറ്റ് കുറയും. അറിയാത്തവരെ വലയിലാക്കി പേരിന് ഒരു സവാരി നടത്തി തിരികെ ഇറക്കി പണം ഈടാക്കി വഞ്ചിക്കുന്ന പരിപാടികളും അരങ്ങേറുന്നു. ബോട്ടുകൾ ഒന്നിൽപോലും കയറ്റാവുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിച്ചിട്ടില്ല. അതിനാൽ സവാരിക്ക് എത്തുന്നവർ ഏജന്റുമാരുടെ പ്രേരണക്ക് വിധേയമായി കൂട്ടത്തോടെ ബോട്ടുകളിൽ കയറിക്കൂടുന്നു.
വിശേഷ ദിവസങ്ങൾ ബോട്ട് ഉടമകളുടെ ചാകരക്കാലമാണ്. പുതുവത്സരം, അവധിക്കാലം, ഓണം, പെരുന്നാൾ തുടങ്ങിയവയെല്ലാം പരമാവധി മുതലാക്കുകയാണ് ബോട്ടുടമകൾ. പുതുവത്സരാഘോഷ വേളയിൽ ഫോർട്ട് കൊച്ചിയിൽനിന്ന് സർവിസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിൽപോലും പരിധിയുടെ ഇരട്ടിയോളം പേരെയാണ് കയറ്റിയത്. സ്വകാര്യ ബോട്ടുകളിലും അതുതന്നെയായിരുന്നു സ്ഥിതി. അപകട സാധ്യത മുന്നിൽക്കണ്ട് സുരക്ഷ ശക്തമാക്കാൻ പൊലീസിനും കഴിഞ്ഞില്ല. ഭാഗ്യത്തിനാണ് അന്ന് ദുരന്തമുണ്ടാകാതിരുന്നത് എന്ന് പറയുന്നവർ ഏറെയാണ്.
മരട്: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മരടിൽ സ്വകാര്യഹോട്ടലുകളിലെ സ്പീഡ് ബോട്ടുകള്‍ സര്‍വിസ് നടത്തുന്നത്. മരട് നഗരസഭയ്ക്കു കീഴിലെ മരട്, നെട്ടൂര്‍, വളന്തകാട് പ്രദേശങ്ങളിലാണ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കായലിലൂടെ സ്വകാര്യ സ്പീഡ് ബോട്ടുകള്‍ ലൈഫ് ജാക്കറ്റില്ലാതെ കുട്ടികളെയടക്കം കയറ്റി ചീറിപ്പായുന്നത്. വ്യവസായമേഖലയിലേക്കുള്ള ബാര്‍ജുകള്‍ സ്ഥിരമായി സഞ്ചരിക്കുന്ന ദേശീയജലപാതയിലാണിത്.
മുമ്പ് ഇത്തരത്തില്‍ സര്‍വിസ് നടത്തിയ ബോട്ടുകള്‍ക്ക് നഗരസഭ പിഴ ഈടാക്കിയിരുന്നു. എന്നാല്‍, വീണ്ടും നഗരസഭ കാര്യാലയം സ്ഥിതി ചെയ്യുന്നതിനു സമീപത്തെ കായലിലൂടെയാണ് വിനോദസഞ്ചാരികള്‍ക്കായി ബോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മല്‍സ്യ സമ്പത്തിനും ജീവനും ഭീഷണിയായി ചീറിപ്പായുന്ന സ്പീഡ് ബോട്ടുകളെ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മട്ടാഞ്ചേരി: താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ടൂറിസ്റ്റ് ബോട്ടുകളിൽ കോസ്റ്റൽ പൊലീസ് പരിശോധന നടത്തി. ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് എസ്.ഐ ഗിൽബർട്ട് റാഫേലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബോട്ടുകളുടെ ഫിറ്റ്നസും സ്രാങ്കിന്റെ ലൈസൻസും അധികൃതർ പരിശോധിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പരിശോധനയിൽ ലൈഫ് ജാക്കറ്റുകൾ കൃത്യമായി ധരിക്കാൻ നിർദേശം നൽകി. ധരിക്കേണ്ടവിധം യാത്രക്കാർക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു. എ.എസ്.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർ സുമേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
മരട്: നഗരസഭ പരിധിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ടൂറിസം ബോട്ടുകളില്‍ നഗരസഭയിലെ സ്പെഷല്‍ സ്ക്വാഡ് വിഭാഗം മിന്നല്‍ പരിശോധന നടത്തി. നെട്ടൂര്‍ ഭാഗത്ത് നാലിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ ആവശ്യമായ രേഖകള്‍ ഇല്ലാത്ത ബോട്ട് ഉടമകള്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം സമയം നല്കി. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളിലും നിർദേശങ്ങളിലും അലംഭാവം കാണിക്കുന്ന ബോട്ട് ഉടമകള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
കൊച്ചി: എല്ലാ ബോട്ടുകളിലും പരമാവധി കയറാവുന്ന ആളുകളുടെ എണ്ണം പ്രദർശിപ്പിക്കണമെന്ന് പൊലീസ് നിർദേശം.തിങ്കളാഴ്ച സെൻട്രൽ സ്റ്റേഷനിൽ നടന്ന ബോട്ടുടമകളുടെയും പൊലീസിന്റെയും യോഗത്തിലാണ് നിർദേശം നൽകിയത്.
എല്ലാ ബോട്ടുകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ശേഖരിച്ച് മറൈൻ ഡ്രൈവിന്റെ വിവിധ ഭാഗങ്ങളിൽ ബോട്ടുകളുടെ പേരും അവയിൽ കയറാവുന്ന ആളുകളുടെ എണ്ണവും പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. ബോട്ടുകളുടെ സുരക്ഷക്ക് എന്തെല്ലാം വേണം എന്ന് പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകും.വർഷത്തിൽ ഒരിക്കലാണ് പരിശോധന. സുരക്ഷ പരിശോധന സർട്ടിഫിക്കറ്റ് ഉള്ള ബോട്ടുകൾ മാത്രമെ സർവീസ് നടത്തുന്നുള്ളൂ എന്ന് ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.