സംസ്ഥാനത്തെ ബി.എല്‍.ഒമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്തെ ബി.എല്‍.ഒമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി. എസ്‌.ഐ.ആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ വേതനം ഇതുവരെ ലഭിച്ചിട്ടില്ല. കുടിശ്ശിക നിരവധിയുണ്ട്. വേതനം വൈകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരോട് ചോദിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ബി.എല്‍.ഒമാര്‍ പറയുന്നു.

എസ്.ഐ.ആര്‍ പ്രക്രിയയുടെ ഭാഗമായുള്ള ജോലികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളും നടത്തിയെങ്കിലും അതിനുള്ള വേതനം ഇതുവരെ ലഭിച്ചിട്ടില്ല. എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പിന്നാലെ വന്ന തദ്ദേശ തെരഞ്ഞെടുപ്പും ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പും ബി.എല്‍.ഒമാര്‍ക്ക് വലിയ ജോലി സമ്മര്‍ദം നല്‍കിയെന്നത് ഏറെ ചര്‍ച്ചയായിരുന്നു. ജോലി സമ്മര്‍ദത്താൽ ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കേരളത്തിലുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ സമ്മര്‍ദത്തിലും കൃത്യമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയെങ്കിലും തങ്ങളുടെ വേതനം മറ്റു സംസ്ഥാനങ്ങളിലെ ബി.എല്‍.ഒമാരെ അപേക്ഷിച്ച് കുറവാണെന്നും ഇതുതന്നെ തന്ന് തീര്‍ക്കുന്നില്ലെന്നുമാണ് ബി.എല്‍.ഒമാരുടെ പരാതി.

ഇവര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക നിരവധിയാണ്. വോട്ടെടുപ്പ് ദിനത്തില്‍ സഹായ കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട 900 രൂപ, വീടുകളില്‍ പോയി വോട്ട് ചെയ്യിപ്പിച്ച വകയിലെ 650 രൂപ, സ്ലിപ്പ് വിതരണത്തിനുള്ള 600 രൂപ എന്നിങ്ങനെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരാള്‍ക്ക് 6000 രൂപ ലഭിക്കേണ്ടതാണെന്നാണ് ബി.എൽ.ഒമാര്‍ ചൂണ്ടിക്കാട്ടുന്നു. ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ബി.എല്‍.ഒമാര്‍ക്ക് 6000 രൂപ നല്‍കുമ്പോള്‍ കേരളത്തിലെ ബി.എല്‍.ഒമാര്‍ക്ക് ലഭിക്കുന്നത് 2000 രൂപ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു.

Tags:    
News Summary - Complaint that BLOs in the state have not received their salaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.