ബി.ജെ.പി സ്നേഹയാത്രക്ക് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദർശിച്ച് ക്രിസ്മസ് ഉപഹാരം കൈമാറുന്നു

മണിപ്പൂർ കലാപം രാഷ്ട്രീയത്തെ ബാധിക്കില്ല, ക്രൈസ്തവർക്ക് കോൺഗ്രസിനേക്കാൾ വിശ്വാസം ബി.ജെ.പിയെ -കെ. സുരേന്ദ്രൻ

കൊച്ചി: മണിപ്പൂരിലെ ക്രൈസ്തവ വംശഹത്യയിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മണിപ്പൂർ കലാപം രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമല്ലെന്നും മിസോറാം തെരഞ്ഞെടുപ്പ് ഫലം ഇതിന് തെളിവാണെന്നും സുരേന്ദ്രൻ പറഞ്ഞു. ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിൽ ‘സ്നേഹയാത്ര’ എന്ന പേരിൽ ബി.ജെ.പി നടത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ച് സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിസോറാം തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും കൂടുതൽ പ്രചാരണവിഷയമാക്കിയത് മണിപ്പൂർ ആയിരുന്നു. എന്നാൽ, മിസോറാമിലെ ഭൂരിപക്ഷമായ ക്രൈസ്തവ സഹോദരങ്ങൾ എന്താണ് ചിന്തിച്ചതെന്ന് നിങ്ങൾ കണ്ടു. മിസോറാമിൽ ഞങ്ങൾക്ക് സീറ്റും ഇരട്ടിയായി, വോട്ടും ഇരട്ടിയായി. രാഷ്ട്രീയത്തെ ഇതൊന്നും ബാധിക്കുന്ന വിഷയമല്ല. പക്ഷേ, ചില തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ അത് സമ്മതിക്കുന്നു. ആ തെറ്റിദ്ധാരണ നീക്കാനും ഇത്തരത്തിലുള്ള യാത്ര സഹായിക്കും’ -സുരേന്ദ്രൻ പറഞ്ഞു.

മതന്യൂനപക്ഷത്തിന്, പ്രത്യേകിച്ച് ക്രൈസ്തവ ന്യൂനപക്ഷത്തിന് കോൺഗ്രസിനേക്കാൾ കൂടുതൽ വിശ്വാസം ബി.ജെ.പിയോടാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. ‘സതീശനെപ്പോലുള്ള ചപ്പടാച്ചി പ്രതിപക്ഷ നേതാവിനെ ആരെങ്കിലും വിശ്വസിക്കുമോ? വോട്ടുകിട്ടാൻ എല്ലാ നാണം കെട്ട പരിപാടിയും നടത്തിയ ശേഷം പിറ്റേ ദിവസം രാവിലെ ഞങ്ങൾ ആരുടെയും തിണ്ണനിരങ്ങില്ല എന്നുപറയുന്ന സതീശനെക്കാളും ക്രൈസ്തവർക്ക് വിശ്വാസം ബി.ജെ.പിയെയാണ്’ -സുരേന്ദ്രൻ പറഞ്ഞു.

ഇന്നുമുതൽ ഡിസംബർ 31 വരെയാണ് ബി.ജെ.പി ‘സ്നേഹയാത്ര’. ക്രൈസ്തവ ഭവനങ്ങളും അരമനകളും ഇക്കാലയളവിൽ സന്ദര്‍ശിക്കും. ക്രൈസ്തവരുടെ വിശ്വാസം ആര്‍ജിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പത്തുദിവസം നീളുന്ന സ്നേഹയാത്ര. ഈസ്റ്റര്‍ദിന സ്നേഹയാത്രകളെക്കാള്‍ വിപുലമായ തോതിലാകും ക്രിസ്മസ് സ്നേഹയാത്ര. ക്രൈസ്തവ സമൂഹത്തെ ഒപ്പംകൂട്ടാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ദിന സന്ദര്‍ശനം.

Tags:    
News Summary - BJP snehayathra: Manipur riots won't affect politics, Christians trust BJP -K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.