കാഞ്ഞങ്ങാട്: ബി.ജെ.പി ദേശീയ സമിതി അംഗവും മുതിർന്ന നേതാവുമായ മടിക്കൈ കമ്മാരൻ (80) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബി.ജെ.പി പ്രഥമ ജില്ല പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻറ്, സെക്രട്ടറി, പ്രചാരണ വിഭാഗം കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
മടിക്കൈ ആയംകോട് കുമ്മണാര്‍ കളരി തറവാട്ടില്‍ പി. കോരന്-കുമ്പയമ്മ എന്നിവരുടെ മകനായി 1938 ജനുവരി ഒന്നിനായിരുന്നു കമ്മാരെൻറ ജനനം. ദുര്‍ഗ ഹൈസ്കൂളില്‍ പഠന കാലത്ത് സ്റ്റുഡൻറ് ഫെഡറേഷൻ നേതാവായിരുന്നു. പിന്നീട് പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ബി.ജെ.പി രൂപവത്കരണത്തോടെ പാർട്ടിയുടെ നേതൃനിരയിലെത്തുകയായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പ്രക്ഷോഭം നയിച്ചതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ അവിഭക്ത കണ്ണൂർ ജില്ല സെക്രട്ടറിയുമായിരുന്നു. ഉദുമ, ഹോസ്ദുര്‍ഗ് നിയോജക മണ്ഡലങ്ങളിൽ നിയമസഭ സ്ഥാനാര്‍ഥിയായി മത്സരിച്ച കമ്മാരൻ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം കലാരംഗത്തും സജീവമായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ: കുഞ്ഞമ്പു, കുഞ്ഞിരാമൻ, നാരായണി പടിഞ്ഞാറേക്കര, ഗൗരി കണ്ണോട്ട്, പരേതയായ ഉച്ചിര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഏച്ചിക്കാനം കല്യാണത്തെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.