കമലിനെക്കുറിച്ച് പറഞ്ഞത് കൈവിട്ടുപോയെന്ന് ബി.ജെ.പി; പൊതുചര്‍ച്ചയില്‍ നേതാക്കള്‍ക്ക് പാര്‍ട്ടി വിലക്ക് 

തിരുവനന്തപുരം: സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സംവിധായകന്‍ കമലിനെതിരെ നടത്തിയ പ്രസ്താവനയെച്ചൊല്ലി ബി.ജെ.പിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി. ഇക്കാര്യത്തെക്കുറിച്ച് വാര്‍ത്താചാനലുകള്‍ ഒരുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതില്‍നിന്നും പാര്‍ട്ടി നേതാക്കളെ ബി.ജെ.പി നേതൃത്വം വിലക്കി. പത്തുവര്‍ഷത്തിലധികമായി പാര്‍ട്ടി ജന.സെക്രട്ടറിയായി തുടരുന്ന ഒരാളില്‍നിന്നും ഇത്രയും അപക്വമായ പ്രസ്താവന ശരിയായില്ളെന്ന നിലപാടിലാണ് പാര്‍ട്ടി നേതാക്കളില്‍ അധികവും. ഈ നിലപാടുള്ളവരുടെ മനസ്സിലിരിപ്പാണ് മുന്‍ അധ്യക്ഷന്‍ സി.കെ. പത്മനാഭനിലൂടെ പുറത്തുവന്നത്.

സി.കെ.പിയെ പോലെ പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണ്. അവര്‍ പരസ്യമായി പറയുന്നില്ളെന്ന് മാത്രം. സി.കെ.പിയുടെ അഭിപ്രായ പ്രകടനം അദ്ദേഹം പാര്‍ട്ടി വിടാന്‍ പോകുന്നതിന്‍െറ സൂചനയായി വ്യാഖ്യാനിക്കേണ്ടതില്ളെന്നും പറഞ്ഞതില്‍ തെറ്റില്ളെന്നും ഇതേക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ചില മുതിര്‍ന്ന നേതാക്കള്‍ ‘മാധ്യമ’ ത്തോട് പറഞ്ഞു. ഒരാളുടെ രാജ്യസ്നേഹം അളക്കാനുള്ള ഉപകരണം ബി.ജെ.പിക്കാരന്‍െറ കൈയിലില്ളെന്നും ബി.ജെ.പി നടത്തിയ മേഖലാ യാത്രകള്‍ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ചുവെന്നുമാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. രാധാകൃഷ്ണന്‍െറ പരസ്യ പ്രസ്താവന ബി.ജെ.പിയിലെ ഒരു ഗ്രൂപ്പിനെതിരായ പരസ്യായുധമാക്കാനാണ് മറ്റ് ഗ്രൂപ്പുകള്‍ ഒരുങ്ങുന്നത്. തിങ്കളാഴ്ച കോട്ടയത്ത് ആരംഭിക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

കമല്‍ രാജ്യം വിട്ട് പോകണമെന്ന രാധാകൃഷ്ണന്‍െറ പ്രസ്താവനക്കെതിരെ അതിശക്തമായാണ് സി.കെ. പത്മനാഭന്‍ പ്രതികരിച്ചത്. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും രാധാകൃഷ്ണന്‍െറ പ്രസ്താവനയോട് വിയോജിപ്പാണ്. പ്രസ്താവന ദോഷം ചെയ്തെന്ന നിലപാടിലാണ് വലിയൊരു വിഭാഗം. കള്ളപ്പണ മുന്നണിക്കെതിരെയും കേന്ദ്രസര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ ജനങ്ങളിലത്തെിക്കാനും ലക്ഷ്യമിട്ട് നടത്തിയ യാത്രകളുടെ പ്രസക്തി ഇത്തരം പ്രസ്താവനകള്‍ ഇല്ലാതാക്കിയെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

രാധാകൃഷ്ണനെ  പരസ്യമായി തള്ളിപ്പറഞ്ഞ പത്മനാഭന്‍  ഒരാളോട് രാജ്യം വിട്ട് പോകണമെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ളെന്നാണ് പറഞ്ഞത്. കമലിനെതിരെ മാത്രമല്ല, നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എം.ടിക്കെതിരെ രാധാകൃഷ്ണന്‍ നടത്തിയ പരാമര്‍ശവും ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. . നമുക്ക് ഇഷ്ടം തോന്നാത്ത കാര്യങ്ങള്‍ ആരെങ്കിലും പറയുമ്പോള്‍ എന്തിനാണ് അസഹിഷ്ണുതയെന്ന് തുറന്നടിച്ച് ബി.ജെ.പി വക്താവ് എം.എസ്. കുമാറും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിട്ടുണ്ട്. 

മുന്‍ അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസിന്‍െറ പക്ഷത്താണ് രാധാകൃഷ്ണന്‍. ബി.ജെ.പിക്കുള്ളില്‍ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നവരും അതിനെ പിന്തുണക്കുന്നവരുമാണ് ഈ ഗ്രൂപ്പില്‍ ഏറെയും. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന പ്രസിഡന്‍റുമാരായ വി. മുരളീധരന്‍, പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പത്മനാഭന്‍, കെ.വി. ശ്രീധരന്‍, കെ. രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തിലുള്‍പ്പെടെ മൃദുസമീപനം പുലര്‍ത്തുന്നവരാണ്. ബി.ജെ.പിക്കുള്ളില്‍ പുതിയൊരു ഗ്രൂപ്പിന്‍െറ ഉദയത്തിന് വഴിയൊരുങ്ങുകയാണ്. പാര്‍ട്ടി വൃത്തങ്ങള്‍ ആ സാധ്യത പക്ഷേ, തള്ളിക്കളയുന്നു. 

Tags:    
News Summary - BJP distances itself from Kamal issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.