പ്രതീകാത്മക ചിത്രം
തൃശൂർ: വോട്ടർമാർക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതായി ബി.ജെ.പിക്കെതിരെ എല്‍.ഡി.എഫ് ആരോപണം. വോട്ടർമാർക്ക് കിറ്റിനുള്ള സ്ലിപ്പുകൾ നൽകിയെന്നും ഇതുപയോഗിച്ച് സൂപ്പർമാർക്കറ്റിൽ നിന്ന് കിറ്റുകൾ വിതരണം ചെയ്തെന്നുമാണ് ആരോപണം.
സംഭവം ആർ.ഡി.ഒയെ അറിയിച്ചതിനെ തുടർന്ന് ഇലക്‌ഷൻ ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു. വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധവുമായി എത്തി. പ്രദേശവാസികൾ സൂപ്പർമാർക്കറ്റിലെത്തി കിറ്റുകൾ വാങ്ങുന്നു എന്ന വിവരത്തെ തുടർന്ന് ഉച്ചയോടെയാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എസ്.സുനിൽ കുമാർ, എൽ.ഡി.എഫ് തൃശൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രസിഡന്റ് അനൂപ് ഡേവിസ് കാട എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്ഥലത്തെത്തിയത്. ശിവരാമപുരത്ത് താമസിക്കുന്നവർക്ക് നൂറിലേറെ സ്ലിപ്പുകൾ വിതരണം ചെയ്തതായും, സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തി കിറ്റുകൾ കൈപ്പറ്റിയെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും ആരോപണങ്ങളുണ്ട്.
2024 ലോക്സഭാ തെരഞ്ഞെടുപ്പു സമയത്തു ബി.ജെ.പിക്കു വേണ്ടി ഇതേ പ്രദേശത്ത് വോട്ടിനു പണം നൽകിയെന്ന എൽ.ഡി.എഫിന്റെ പരാതിയും ഉയർന്നിരുന്നുവെന്നും എൽ.ഡി.എഫ് ചീഫ് ഇലക്‌ഷൻ ഏജന്റ് കെ.ബി. സുമേഷ് ചൂണ്ടിക്കാട്ടി. അതേസമയം രാധാകൃഷ്ണൻ എന്ന ആളാണ് കിറ്റുകൾ വിതരണം ചെയ്യാൻ ഏൽപ്പിച്ചതെന്നും ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് അറിയില്ലെന്നുമാണ് സൂപ്പർമാർക്കറ്റ് ഉടമയുടെ പ്രതികരണം. എഴുപത്തഞ്ചോളം കിറ്റുകൾക്ക് ഓർഡർ ലഭിച്ചിരുന്നതായും കഴിഞ്ഞദിവസം 10 കിറ്റുകൾ വിതരണം നടത്തിയെന്നും അയാൾ കൂട്ടിച്ചേർത്തു.
വോട്ടർമാരെ സ്വാധീനിക്കുന്നതിനായി സൗജന്യ വിതരണം നടത്തുന്നതിലൂടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ഇത് ബാധിക്കുമെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനും പൊലീസിനും പരാതി നൽകുമെന്ന് എൽ.ഡി.എഫും കോൺഗ്രസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.