ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ശുചിമുറികളുടെ ഫോട്ടോ സഹിതം പരാതി നൽകൂ ; ഫാസ്റ്റാഗ് റീചാർജ് സമ്മാനവുമായി എൻ.എച്ച്.എ.ഐ

ന്യൂഡൽഹി : ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ വൃത്തിഹീനമായ ശുചിമുറികൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോ സഹിതം പരാതി നൽകുന്നവർക്ക് 1,000 രൂപയുടെ ഫാസ്റ്റാഗ് റീചാർജ് സമ്മാനമായി നൽകുന്ന പദ്ധതിയുമായി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ). ശുചിത്വവും യാത്രക്കാർക്കുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാറിന്റെ പ്രത്യേക ശുചീകരണ കാമ്പയിന്റെ ഭാഗമായാണ് ‘ക്ലീൻ ടോയ്‌ലറ്റ് പിക്ചർ ചലഞ്ച്’ എന്ന പേരിൽ ഈ പദ്ധതി നടപ്പാക്കുന്നത്.

ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് രാജ്മാർഗയാത്ര ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലൂടെ വൃത്തിഹീനമായ ശുചിമുറികളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് പരാതിപ്പെടാം. ചിത്രത്തോടൊപ്പം പേര്, സ്ഥലം, വാഹന രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളും നൽകണം. പരാതി അധികൃതർ പരിശോധിച്ച് സാധൂകരിച്ചാൽ വാഹന രജിസ്ട്രേഷൻ നമ്പറുമായി ബന്ധിപ്പിച്ച ഫാസ്റ്റാഗിലേക്ക് 1,000 രൂപ റീചാർജായി ലഭിക്കും. ഈ തുക പണമായി പിൻവലിക്കാനോ മറ്റൊരാൾക്ക് കൈമാറാനോ കഴിയില്ല.

എന്നാൽ, എൻ.എച്ച്.എ.ഐയുടെ നിയന്ത്രണത്തിൽ നിർമിച്ചതോ പ്രവർത്തിപ്പിക്കുന്നതോ പരിപാലിക്കുന്നതോ ആയ ശുചിമുറികൾക്കു മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പെട്രോൾ പമ്പുകൾ, വഴിയോര ഭക്ഷണശാലകൾ (ധാബകൾ) എന്നിവിടങ്ങളിലെ ശുചിമുറികൾ പദ്ധതിയുടെ പരിധിയിൽ വരില്ല. പരാതിക്കൊപ്പം നൽകുന്ന ചിത്രങ്ങൾ വ്യക്തവും ജിയോ ടാഗ് ചെയ്തതും . ഒരേ ചിത്രം വീണ്ടും സമർപ്പിക്കുന്നതും എഡിറ്റ് ചെയ്ത ചിത്രങ്ങളും നേരത്തേ സമർപ്പിച്ച ചിത്രങ്ങളും പരിഗണിക്കില്ല. പരാതികളുടെ ആധികാരികത ഉറപ്പാക്കാൻ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പരിശോധനയും ആവശ്യമായിടത്ത് നേരിട്ടുള്ള പരിശോധനയും നടത്തും.

ഒരു വാഹന രജിസ്ട്രേഷൻ നമ്പറിന് പദ്ധതിയുടെ കാലയളവിൽ ഒരു തവണ മാത്രമേ സമ്മാനം ലഭിക്കൂ. ഒരു ശുചിമുറിയെക്കുറിച്ച് ഒരു ദിവസം ലഭിക്കുന്ന പരാതികളിൽ ആദ്യത്തെ സാധുവായ പരാതി മാത്രമേ പരിഗണിക്കൂ. ദേശീയപാതകളിലെ പൊതുസൗകര്യങ്ങളുടെ ശുചിത്വം ഉറപ്പാക്കാനും പരിപാലനത്തിലെ വീഴ്ചകൾ കണ്ടെത്താനും യാത്രക്കാരുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Tags:    
News Summary - Report Dirty Toilets, Get FASTag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.