ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന കുട്ടനാട്ടില്‍ രോഗം ബാധിച്ചവയെ തരംതിരിച്ച് നശിപ്പിക്കുന്നതിനായി 20 ദ്രുതകര്‍മ സംഘങ്ങളെ നിയോഗിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണിത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രോഗലക്ഷണമുള്ള താറാവുകളെ മാറ്റിപ്പാര്‍പ്പിക്കും. തുടര്‍ന്ന് ഇവയെ കൊന്ന് പ്രത്യേകമായി മാറ്റി സംസ്കരിക്കും. ഒരു ദ്രുതകര്‍മസേനാ സംഘത്തില്‍ രണ്ട് വെറ്ററിനറി സര്‍ജന്‍, രണ്ട് ലൈഫ് സ്റ്റോക് ഇന്‍സ്പെക്ടര്‍മാര്‍, രണ്ടു തൊഴിലാളികള്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, പഞ്ചായത്തംഗം, രണ്ടു വീതം റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടും. രോഗം കണ്ടത്തെിയ പ്രദേശങ്ങളില്‍ ഇവര്‍ സഞ്ചരിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറും. രോഗം ബാധിച്ച പ്രദേശങ്ങളുടെ 10 കിലോമീറ്റര്‍ ചുറ്റളവ് ഇവരുടെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും.
10 ദിവസത്തേക്ക് ഇവിടെനിന്നുള്ള താറാവ് കടത്തലിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗബാധ കണ്ടത്തെിയ സ്ഥലങ്ങളില്‍നിന്നുള്ളവയെ മറ്റിടങ്ങളിലേക്കു മാറ്റാന്‍ പാടില്ല. തകഴി, രാമങ്കരി, പാണ്ടി, കൈനടി പ്രദേശങ്ങളിലാണ് ഇതിനകം രോഗം കണ്ടത്തെിയത്. അപ്പര്‍കുട്ടനാട്ടിലെ പള്ളിപ്പാടുനിന്നുള്ള സാമ്പ്ള്‍ പരിശോധിച്ചെങ്കിലും ഫലം നെഗറ്റീവാണ്. ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ താറാവ്-മുട്ട വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കും. കുട്ടനാട്ടിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ മറ്റിടങ്ങളില്‍നിന്നുള്ള താറാവുകളെ ഇറക്കരുതെന്ന് കൃഷിവകുപ്പുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും. താറാവ് കടത്ത് നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി പ്രധാന റോഡുകളില്‍ പട്രോളിങ് ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
ഇപ്പോള്‍ കണ്ടത്തെിയ എച്ച് 5 എന്‍ 8 വൈറസ് ബാധ മുമ്പ് ഉണ്ടായ എച്ച് 5 എന്‍ 1 പോലെ മാരകമല്ളെന്നും ഇത് മനുഷ്യരിലേക്ക് പകരില്ളെന്നും കലക്ടര്‍ വീണ എന്‍. മാധവന്‍ പറഞ്ഞു. രോഗലക്ഷണമുള്ള താറാവിനെ കണ്ടത്തെിയാല്‍ ഉടന്‍ സ്ഥലത്തെ വെറ്ററിനറി സര്‍ജനെ വിവരം അറിയിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തകഴി, നീലംപേരൂര്‍, രാമങ്കരി എന്നിവിടങ്ങളില്‍ ചത്ത താറാവുകളെയാണ് ആദ്യം പരിശോധിച്ചത്. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ കേന്ദ്രത്തിലെ ലാബില്‍ ചില ലക്ഷണങ്ങള്‍ കണ്ടതിനത്തെുടര്‍ന്ന് ബംഗളൂരുവിലെ എസ്.ആര്‍.ഡി.ഡി.എല്‍ ലാബിലും പിന്നീട് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലും നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിനകം 3000ത്തിലേറെ താറാവുകള്‍ ചത്തതായാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍, 1500ല്‍ താഴെ മാത്രമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍െറ കണക്ക്.
നീലംപേരൂരില്‍ 600 താറാവുകള്‍ ചത്തു
കോട്ടയം: ആലപ്പുഴക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി. കോട്ടയം-ആലപ്പുഴ അതിര്‍ത്തി പ്രദേശമായ നീലംപേരൂരില്‍ 600ഓളം താറാവുകളാണ് ചത്തത്. ആറായിരത്തിലധികം താറാവുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിപ്പാട്ടുനിന്നത്തെിച്ച താറാവുകള്‍ക്കാണ് രോഗബാധ. ഒന്നരമാസം മുമ്പാണ് ഹരിപ്പാട്ടുനിന്ന് താറാവിനെ നീലംപേരൂരില്‍ എത്തിച്ചത്. ഞായറാഴ്ച രാത്രിയാണ് താറാവുകള്‍ക്ക് അസ്വസ്ഥത തുടങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു. പിന്നാലെ ഇവ ചത്തുവീഴുകയായിരുന്നു. ചത്ത താറാവുകളെ ശാസ്ത്രീയ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഇടങ്ങളില്‍ താറാവുകൃഷിയെ ആശ്രയിക്കുന്ന കര്‍ഷകരാണ് ആശങ്കയിലായിരിക്കുന്നത്. ക്രിസ്മസ്, ന്യൂഇയര്‍ വിപണി ലക്ഷ്യമിട്ടാണ് കര്‍ഷകര്‍ താറാവിനെ വളര്‍ത്തിയത്. ഇതിനായി കര്‍ഷകര്‍ വലിയ തോതില്‍ പണവും മുടക്കിയിരുന്നു. രോഗബാധ പടരുന്നത് തങ്ങളെ കടക്കെണിയിലാക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക. പലപ്പോഴും സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ അത് ജില്ലയുടെ വിവിധ ഇടങ്ങളെയും ബാധിച്ചിരുന്നു. അവസാനമായി രണ്ടുവര്‍ഷം മുമ്പ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോള്‍ അപ്പര്‍കുട്ടനാടിന്‍െറ ഭാഗമായ കുമരകം, തിരുവാര്‍പ്പ്, തലയാഴം, അയ്മനം, ആര്‍പ്പൂക്കര, വെച്ചൂര്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് താറാവുകളാണ് ചത്തൊടുങ്ങിയത്. ഇതിന് പുറമെ പതിനായിരത്തിലേറെ താറാവുകളെ കൊന്നൊടുക്കുകയും ചെയ്തു. കുമരകത്തിന് സമീപം ഒരുകര്‍ഷകന്‍െറതന്നെ നാലായിരത്തോളം താറാവുകളെ കൊന്ന് കുഴിച്ചുമൂടിയിരുന്നു.ഇതിന്‍െറ പിന്നാലെ മൃഗസംരക്ഷണ വകുപ്പ് മുന്‍കൈയെടുത്ത് വിവിധതലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും കൃഷിയിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞതവണത്തെ നഷ്ടം ഇത്തവണ നികത്താനാകുമെന്ന പ്രതീക്ഷക്കാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.