ബിനോയ് വിശ്വം

വിശ്വാസത്തെ രാഷ്ട്രീയത്തിന് കരുവാക്കാൻ പാടില്ലെന്ന് ബിനോയ് വിശ്വം; പ്രതികരണം അയ്യപ്പ സംഗമത്തെ കുറിച്ചുള്ള ചോദ്യത്തിന്

ന്യൂഡൽഹി: പമ്പാ തീരത്ത് നടന്ന ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിശ്വാസികളെ എതിർക്കുന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. അയ്യപ്പ സംഗമത്തെ എതിർക്കുന്നില്ല. വിശ്വാസത്തെ രാഷ്ട്രീയത്തിന് കരുവാക്കാൻ പാടില്ലെന്നും അങ്ങനെ കരുവാക്കാൻ സാധിക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സി.പി.ഐയിൽ പ്രായപരിധി കർശനമായി നടപ്പാക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ജനറൽ സെക്രട്ടറിക്കും പ്രായപരിധി ബാധകമാണ്. 75 വയസ് എന്ന പ്രായപരിധി പാർട്ടി കോൺഗ്രസിന്‍റെ തീരുമാനമാണ്. അത് വ്യക്തികൾക്ക് വേണ്ടി മാറ്റാൻ സാധിക്കില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

പാർട്ടി കോൺഗ്രസിന്‍റെ തീരുമാനത്തിൽ മാറ്റം വരുത്തനുള്ള കാരണമില്ല. പാർട്ടിയിൽ യുവത്വം വേണ്ടത് കൊണ്ടാണ് പ്രായപരിധി ചർച്ച വന്നത്. ജനറൽ സെക്രട്ടറി പദം അടക്കം എല്ലാ കാര്യത്തിലും വ്യക്തിക്കല്ല, പാർട്ടിക്കാണ് ഒന്നാം സ്ഥാനമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം, സി.പി.ഐ 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് ചണ്ഡിഗഢില്‍ തുടക്കമാവും. ഉച്ചക്കുശേഷം പഞ്ചാബിലെ മൊഹാലി ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് പ്രദേശത്ത് നടക്കുന്ന റാലിയും പിന്നാലെയുള്ള പൊതുസമ്മേളത്തോടെയുമാണ് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിക്കുക.

ഇന്ന് പൊതുസമ്മേളനവും സമാപന ദിവസമായ 25ന് ദേശീയ കൗണ്‍സിലിലേക്കും ദേശീയ സെക്രട്ടേറിയറ്റിലേക്കും തെരഞ്ഞെടുപ്പും നടക്കും. സി.പി.ഐ ജനറല്‍ സെക്രട്ടറിയെയും അന്ന് തെരഞ്ഞെടുക്കും. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 800ല്‍ അധികം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും റിപ്പോര്‍ട്ടുകളിലും പ്രമേയങ്ങളിലുമുള്ള ചര്‍ച്ചകൾ നടക്കും.

സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സി.പി.ഐ (എം), സി.പി.ഐ (എം.എല്‍), ഫോര്‍വേര്‍ഡ് ബ്ലോക്, ആര്‍.എസ്.പി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കും. ഫലസ്തീന്‍, ക്യൂബ രാജ്യങ്ങളില്‍ വിദേശശക്തികള്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്ക് എതിരെയുള്ള പോരാട്ടങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള പ്രത്യേക സെഷനില്‍ ഫലസ്തീന്‍, ക്യൂബ അംബാസഡര്‍മാര്‍ പങ്കെടുക്കും.

Tags:    
News Summary - Binoy Viswam says faith should not be used as a tool for politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.