കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിന്‍റെ പങ്ക് നിഷേധിക്കാനാവി​ല്ലെന്ന്​ ബിനോയ് വിശ്വം

ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗ് വഹിച്ച പങ്ക് ആർക്കും നിഷേധിക്കാൻ കഴിയില്ല എന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ന്യൂഡൽഹി വൈ. എം. സി. എ ഹാളിൽ ഡൽഹി കെ.എം.സി.സി സംഘടിപ്പിച്ച ഇ. അഹമദ് അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സപ്ത കക്ഷി മുന്നണിയിൽ കമ്യൂണിസ്റ്റുകൾ ലീഗിനൊപ്പം നിന്നാണ് കോൺഗ്രസിനെ തോൽപിച്ചത് എന്ന് ബിനോയ് വിശ്വം ഓർമിപ്പിച്ചു.

സി.പി.എമ്മും സി.പി.ഐയും വഴി പിരിഞ്ഞ ശേഷം നമുക്കിനി കുരുക്ഷേത്രത്തിൽ കാണാമെന്ന് ടി.വി തോമസ് ഇ.എം.എസിനെ വെല്ലുവിളിച്ചിരുന്നു. ഒന്നിച്ചു മുന്നോട്ടുപോകാനാത്ത സമയത്ത് രാഷ്ട്രീയ ശൂന്യത എന്ന് തോന്നിച്ച ഘട്ടമായിരുന്നു അതെന്ന്​ ബിനോയ്​ വിശ്വം തുടർന്നു. 

സി.പി.എം നയിച്ച മുന്നണിയെ സി.പി.ഐയും ലീഗും അടങ്ങുന്ന മുന്നണി ദയനീയമായി തോൽപിച്ചു. മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് എന്ത് ചെയ്യാൻ കഴിയുമെന്നാണ് അച്യുതമേനോൻ കരുതുന്നതെന്ന് ഇ.എം.എസ് ചോദിച്ചു. അതൊരു ചോദ്യമായിരുന്നു. യഥാർഥ കമ്യൂണിസ്റ്റ് ഗവൺമെൻ്റ് ഇതാണെന്ന് തെളിയിക്കാൻ സി.പി.ഐക്ക് ആയത് ഭൂപരിഷ്കരണത്തിലൂടെയായിരുന്നുവെന്നും ബിനോയ്​ വിശ്വം പറഞ്ഞു.

ഭൂപരിഷ്കരണത്തിൽ മുസ്ലിം ലീഗിന് എത്രത്തോളം സി.പി.ഐക്കൊപ്പം നിൽക്കാൻ കഴിയുമെന്ന് കരുതുന്നവർ പാർട്ടിയിലുണ്ടായിരുന്നു. ലീഗിൻ്റെ പിന്തുണയില്ലാതെ സർക്കാരിന് മുന്നോട്ടു പോകാൻ കഴിയില്ലായിരുന്നു. ഒരു പാട് ഭൂമിയുള്ളവർക്ക് ഭൂമി നഷ്ടപ്പെടുന്ന നിയമത്തിൻ്റെ കൂടെ എല്ലാവരും നിൽക്കില്ലെന്നും ലീഗ് നിൽക്കണമെന്നും ആവശ്യപ്പെടാൻ തങ്ങളെ കണ്ടു. ഞങ്ങളെ പറ്റി സി.പി.ഐക്ക് സംശയമൊന്നും വേണ്ടെന്നും കൂടെയുണ്ടാകുമെന്നും സി.പി.ഐക്ക് തങ്ങൾ ഉറപ്പു നൽകി. ലീഗിൻ്റെ ആ കാലത്തിൻ്റെ പിന്തുടർച്ചക്കാരനായിരുന്നു ഇ. അഹ്മദ്. സമ്പന്ന വർഗത്തിൻ്റെ പാർട്ടിയായി ലീഗ് മാറിക്കൂടാ എന്ന നിലപാടുകാരനായിരുന്നു അഹ്മദ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

രാജൻ കേസ് ഒഴിച്ചാൽ അച്യുതമേനോൻ്റെ സർക്കാർ അടിയന്തിരാവസ്ഥ കാലത്തെ നല്ല സർക്കാർ ആയിരുന്നുവെന്ന് പി.വി അബ്ദുൽ വഹാബ് എം.പി പറഞ്ഞു.

ബജറ്റ് അവതരിപ്പിക്കാനായി ഇ അഹമ്മദിൻ്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് വരാനിരുന്ന പല ദുരന്തങ്ങളുടെയും തുടക്കമായിരുന്നുവെന്ന് കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. 

നല്ല ഭരണാധികാരി എന്നതിലുപരി മികച്ച എഴുത്തുകാരൻ കൂടിയായിരുന്നു ഇ. അഹ്മദ് എന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, നവാസ് കനി എം.പി, യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഹലീം സ്വാഗതവും ട്രഷറർ ഖാലിദ് മാങ്കാവിൽ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.