ഇടതുപക്ഷ ഐക്യം: ഭിക്ഷാപാത്രവുമായി പിന്നാലെ പോകാനില്ല -ബിനോയ് വിശ്വം

കോഴിക്കോട്: എല്ലാ ഇടതുപക്ഷ പാർട്ടികളും ഒന്നിക്കണമെന്നും എന്നാൽ, അതിനായി ഭിക്ഷാപാത്രവുമായി ആരുടെയും പിന്നാലെ പോകാൻ സി.പി.ഐ തയാറല്ലെന്നും പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി. ഇടതുപക്ഷ ഐക്യത്തിന് എന്നും കമ്യൂണിസ്റ്റ് പാർട്ടി പ്രാധാന്യം നൽകിയിട്ടുണ്ട്. അതിലുള്ള പങ്ക് സി.പി.ഐ നിറവേറ്റും. കാലഘട്ടത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് വരുന്നവരോട് ക്രിയാത്മകമായി പ്രതികരിക്കും. എന്നാൽ, ആരുടെയും പിന്നാലെ ഐക്യം ഐക്യം എന്നു പറഞ്ഞ് പോകാനില്ല. വർഗീയ രാഷ്ട്രീയത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും കോർത്തിണക്കിയ പ്രക്ഷോഭമാണ് കമ്യൂണിസ്റ്റ് പാർട്ടി ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫറോക്കിൽ സി.പി.ഐ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ബിനോയ് വിശ്വം സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചത്.

എല്ലാറ്റിനേക്കാളും വലിയവർ ജനങ്ങളാണ്. പാർട്ടി പിളർന്നാൽ ആ ചരിത്രം മാറാൻ പാടില്ല. ഇ.എം.എസിനും എ.കെ.ജിക്കും ലഭിച്ച ആദരവ് എല്ലാവർക്കും ലഭിക്കണം. ജന്മിത്വത്തിന് അന്ത്യം കുറിച്ച് നാടിനെ വികസനത്തിലേക്ക് നയിച്ച അച്യുതമേനോൻ ഭരണവും ഇടത് സർക്കാരായിരുന്നു. ഇത് മായ്ച്ചുകളയാൻ പാടില്ല. ഇടത് സർക്കാറിനെ ദുർബലപ്പെടുത്തുന്ന ഒന്നും സിപി.ഐയുടെ ഭാഗത്തുനിന്നുണ്ടാകില്ല. ദേശീയ രാഷ്ട്രീയത്തിന്‍റെ ഗതിക്രമങ്ങളിൽ കേരളത്തിലെ ഇടതുമുന്നണി വഴികാട്ടിയാണ് -അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ സാധാരണക്കാരെ പിഴിഞ്ഞ് കോർപറേറ്റുകൾക്ക് മാത്രമാണ് അച്ഛാദിൻ സമ്മാനിച്ചത്. ആഗോളീകരണ ശക്തികളുടെ മുദ്രാവാക്യം കടമെടുത്താണ് ബി.ജെ.പി സർക്കാർ പ്രഖ്യാപനങ്ങൾ നടത്തുന്നത്. സമ്പത്ത് ഉല്പാദകരെയാണ് സർക്കാർ പിന്തുണക്കുന്നത് എന്നാണ് മോദി പറയുന്നത്. എന്നാൽ, അത് വിരലിലെണ്ണാവുന്ന വലിയ സമ്പന്നർ മാത്രമാണ്. രാജ്യത്തെ കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന സമ്പത്ത് ഉല്പാദകരെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. നെഹ്റുവിന്‍റെ വീക്ഷണങ്ങൾ മറന്ന് എത്ര ദൂരം നടന്നാലും കോൺഗ്രസ് രക്ഷപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അലൻ, താഹ കേസിൽ വിമർശനം

കോഴിക്കോട്: അലൻ ശുഹൈബിനെയും താഹ ഫസലിനെയും യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തതിനെ വിമർശിച്ച് സി.പി.ഐ ജില്ല സമ്മേളന റിപ്പോർട്ട്. ഇടതു സർക്കാറിൽനിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു മാവോവാദി മുദ്രചാർത്തി വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടി. ഇടതുപക്ഷ ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നടപടികളാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നത്. അട്ടപ്പാടിയിലും വയനാട്ടിലും മാവോവാദികളെ വെടിവെച്ചുകൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമാണ്. ഇത്തരം നടപടികളുണ്ടാവരുത്.കെ-റെയിൽ പദ്ധതിയിൽ കൂടിയാലോചനകളുണ്ടായില്ല. അനാവശ്യ ധിറുതികൂട്ടിയ നടപടി പ്രതിസന്ധിയിലാക്കി. ജനങ്ങളുടെ ആശങ്ക പൂർണമായും പരിഹരിച്ചുവേണം മുന്നോട്ടുപോകാനെന്നും റിപ്പോർട്ടിൽ സെക്രട്ടറി ടി.വി. ബാലൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Binoy Vishwam about Left parties unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.