ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്. സംശയം വെച്ച് മാത്രം ജാമ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എപ്പോൾ വിളിപ്പിച്ചാലും കോടതിയിൽ ഹാജരാകണം, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒക്ടോബര്‍ 28നാണ് ബിനീഷ് കോടിയേരിക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

2020 നവംബര്‍ 11 നാണ് രണ്ടാം വട്ട ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരിയെ ബംഗുളുരുവിലേക്ക് വിളിച്ചുവരുത്തി ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന്‍റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ ബിനീഷിന്‍റെ നിലപാട്. എന്നാൽ, ജാമ്യം അനുവദിച്ച് കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്ക ഇഡിക്ക് ഉണ്ട്. ഈ സാഹചര്യത്തിലാണ് ഇഡി സുപ്രീംകോടതിയെ സമീപിച്ചത്.

Tags:    
News Summary - Bineesh Kodiyeri bail : In ED Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.