കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ മകൾ നവമി ന്യൂറോ സംബന്ധമായ ചികിത്സക്കായി തിങ്കളാഴ്ച ആശുപത്രിയിൽ അഡ്മിറ്റാകും. പരിശോധനകൾക്കുശേഷം ശസ്ത്രക്രിയ തീയതി നിശ്ചയിക്കും.
കഴുത്തിനും നട്ടെല്ലിനും ശസ്ത്രക്രിയക്കായി കഴിഞ്ഞ ബുധനാഴ്ചയാണ് നവമിയെ പഴയ കെട്ടിടത്തിൽ മൂന്നാംനിലയിലെ പോസ്റ്റ് ഓപറേറ്റിവ് വാർഡിൽ പ്രവേശിപ്പിച്ചിരുന്നത്.
തൊട്ടടുത്ത ദിവസമാണ് കെട്ടിടത്തിന്റെ ടോയ്ലറ്റ് ബ്ലോക്ക് തകർന്ന് ബിന്ദുവിന് ജീവൻ നഷ്ടപ്പെട്ടത്. ആന്ധ്രയിലെ നഴ്സിങ് കോളജിൽ അവസാനവർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയാണ് നവമി. കഴിഞ്ഞദിവസം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സംഘം വീട്ടിലെത്തി നവമിക്കും നവനീതിനും കൗൺസലിങ് നൽകിയിരുന്നു.
ഓപറേഷൻ തിയറ്ററുകൾ പുതിയ കെട്ടിടത്തിൽ സജ്ജമാക്കാനുള്ള നടപടികൾ അതിവേഗത്തിൽ തുടരുകയാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും അറിയിച്ചിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും പെട്ടിട്ടില്ലെന്നാണ് സ്ഥലത്തെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്.
പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൂടുതൽ തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് 12.30ഓടെ തിരച്ചിൽ തുടങ്ങി. മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് കൂടുതൽ പരിശോധന നടത്തിയപ്പോൾ ഉച്ചക്ക് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.