തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് ബില്ലുകൾ സമർ പ്പിക്കാൻ സാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 18 വരെ സമയം അനുവദിച്ചു. 31ന് മുമ്പ് സമർപ്പിച്ച ബില്ലുകളുടെ തുക ഏപ്രിൽ 15ന് മുമ്പ് കൊടുത്ത് തീർക്കാനും ധനവകുപ്പ് ട്ര ഷറികൾക്ക് നിർദേശം നൽകി. സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ബില്ലുകൾ സമർപ്പിക്കാൻ സാധിക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ 18 വരെ തുടർന്ന് ബില്ലുകൾ സമർപ്പിക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക് പണം ലഭിക്കുമെന്നതിൽ ആശങ്കവേണ്ടെന്ന് ധനമന്ത്രി തോമസ് െഎസക് വ്യക്തമാക്കി.
ഏപ്രിൽ ഒന്ന് മുതൽ ബില്ലുകൾ സമർപ്പിക്കാമെന്നും അവർക്ക് അടുത്ത വർഷത്തേക്കുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഫണ്ടിൽനിന്ന് പണം നൽകുമെന്നും ധനമന്ത്രി ഫേസ്ബുക്കിൽ സൂചിപ്പിച്ചു. ‘സർക്കാർ കണക്കെഴുത്ത് രീതി പ്രകാരം, ഇതല്ലാതെ മുൻ വർഷത്തേത് നൽകാൻ കഴിയില്ല. പക്ഷെ, ഏപ്രിൽ 18 വരെ സമർപ്പിക്കുന്ന ബില്ലുകളുടെ തുക 2020-21 വർഷത്തെ പ്ലാൻ ഫണ്ടിന് പുറമേ ആവശ്യമെങ്കിൽ അധികമായി അനുവദിക്കും. സ്പിൽ ഓവർ അനുവദിക്കുന്നത് ഈ വർഷവും തുടരും.
2019-20ലെ ട്രഷറി നിയന്ത്രണങ്ങളും കൊറോണ പകർച്ചവ്യാധിയും കണക്കിലെടുത്ത് ഗ്രാമപഞ്ചായത്തുകൾ 25 ശതമാനം വരെയും ബ്ലോക്ക്-മുനിസിപ്പാലിറ്റികൾ 30 ശതമാനം വരെയും കോർപറേഷൻ, ജില്ല പഞ്ചായത്തുകൾ 35 ശതമാനം വരെയും സ്പിൽ ഓവർ അനുവദിക്കാനാണ് തീരുമാനം. ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ ഒപ്പുെവച്ച പ്രവൃത്തികളും ഭരണാനുമതി നൽകി നടപ്പാക്കാൻ ആരംഭിച്ച പ്രോജക്ടുകളുമാണ് സ്പിൽ ഓവറിൽ ഉൾപ്പെടുത്തുക. ക്യൂവിലിരിക്കുന്ന ബില്ലുകളും ഇനി സമർപ്പിക്കാൻ പോകുന്ന ബില്ലുകളും ഏപ്രിൽ 15 മുതൽ പണം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
12,000 കോടി രൂപ വരെ ഏപ്രിൽ-മേയ് മാസങ്ങളിൽ വായ്പയെടുക്കാനാണ് ഉദ്ദേശം. എന്നാൽ, ഇത്രയും തുക ഒരുമിച്ച് എടുക്കുന്നതിന് ചില വൈഷമ്യങ്ങൾ നേരിടാമെന്നുള്ളതുകൊണ്ട് ഇത് ഗഡുക്കളായി എടുക്കാനാണ് തീരുമാനം. ആദ്യ ഗഡുവായി 7000 കോടി രൂപ ഏപ്രിൽ ഏഴിനുള്ള ബോണ്ട് ലേലത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇതിനോട് കേന്ദ്രസർക്കാർ അനുഭാവപൂർണമായ സമീപനം കൈക്കൊള്ളുമെന്ന് കരുതാം’ -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.