ഇന്ത്യൻ സൈന്യത്തിന് ബി​ഗ് സല്യൂട്ട്, ഇതൊരു തുടക്കം മാത്രം -എ.കെ. ആന്‍റണി

തിരുവനന്തപുരം: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആന്‍റണി. ഓപറേഷൻ സിന്ദൂര്‍ തുടക്കം മാത്രമാണെന്നും ഭീകരര്‍ക്കെതിരായ നടപടി ഇനിയും തുടരുമെന്നാണ് പ്രതീക്ഷയെന്നും ആന്‍റണി പ്രതികരിച്ചു.

ഭീകരര്‍ക്കെതിരായ ഏതു നടപടിക്കും രാജ്യം ഒറ്റക്കെട്ടാണ്. ഭീകരതക്കെതിരായ ഏത് നീക്കത്തിനും കേന്ദ്ര സർക്കാറിന് പൂര്‍ണ പിന്തുണ നൽകുകയാണ്. ഇന്ത്യൻ സൈന്യത്തിന് ഒപ്പം നിൽക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നാണ് വിശ്വാസം.

അതിര്‍ത്തിയിലെ പാക് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കുന്ന നടപടിയുമായി ഇന്ത്യൻ സൈന്യം ഇനിയും മുന്നോട്ടുപോകുമെന്ന് ഉറപ്പുണ്ട്. സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അക്കാര്യങ്ങളൊക്കെ തീരുമാനിക്കുക സൈന്യമാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.

തുടക്കം നന്നായി. ഇനിയും ഇത്തരം നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. മറ്റു ചര്‍ച്ചകള്‍ക്കൊന്നും ഈ ഘട്ടത്തിൽ പ്രാധാന്യമില്ല. രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിതെന്നും ലോകത്തിന്‍റെ മനഃസാക്ഷി ഇന്ത്യക്കൊപ്പമാണെന്നും ആന്‍റണി പറഞ്ഞു.

ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരര്‍ക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഭീകരത. അതിനാൽ ലോകരാഷ്ട്രങ്ങളുടെ പിന്തുണയുണ്ട്. പഹൽഗാമിൽ നിരപരാധികളായ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ നീച പ്രവൃത്തിയിൽ സൈന്യം മറുപടി നൽകിയിരിക്കുകയാണെന്നും എ.കെ. ആന്‍റണി മാധ്യമങ്ങളോട് വ്യക്തമാക്കി. 

Tags:    
News Summary - Big salute to the Indian Army, this is just the beginning - A.K. Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.