കോഴിക്കോട്: എക്സിറ്റ് പോളുകളുടെ ഫലം വന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കാനിരിക്കേ, മിക്ക എക്സിറ്റ് പോളുകളും ഇടതുമുന്നണി തുടർഭരണത്തിലേറുമെന്ന സൂചനകളാണ് നൽകുന്നത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമെന്നാണ് ചില പോളുകളുടെ ഫലമെങ്കിൽ മറ്റു ചിലത് 110ലേറെ സീറ്റുകൾ ജയിച്ച് എൽ.ഡി.എഫ് വൻഭൂരിപക്ഷത്തിൽ വീണ്ടുമെത്തുമെന്നാണ് വെളിപ്പെടുത്തുന്നത്.
ഇൗ എക്സിറ്റ് പോളുകൾക്കിടയിൽ നിരാശരായിരിക്കുന്ന യു.ഡി.എഫിന് ആശ്വാസം പകർന്ന് ഒരു ഡാറ്റാ അനാലിസിസ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ന്യൂഇന്ത്യൻ എക്സ്പ്രസ് ദിനപത്രം. 75 മുതൽ 80 വരെ സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് റിപ്പോർട്ട് നൽകുന്ന സൂചന. എൽ.ഡി.എഫിന് 50 മുതൽ 55വരെ സീറ്റും എൻ.ഡി.എക്ക് മൂന്നുമുതൽ അഞ്ചു വരെ സീറ്റുമാണ് കൊച്ചിയിലെ യുവ ഡാറ്റാ സയന്‍റിസ്റ്റിന്‍റെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ട് പ്രവചിക്കുന്നത്.
ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫേസ്ബുക് പേജുകൾ, വ്യത്യസ്ത വിഡിയോകൾക്കുള്ള 2000 പ്രതികരണങ്ങളും കമന്‍റുകൾ, 50 വാട്സാപ് ഗ്രൂപ്പുകൾ തുടങ്ങിയവയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നിഗമനങ്ങളെന്ന് റിപ്പോർട്ടിൽ പറയുന്നു. പൂഞ്ഞാറിൽ പി.സി. ജോർജിന്‍റെ വിജയവും ഈ ഡാറ്റ അനാലിസിസ് പ്രവചിക്കുന്നുണ്ട്.
ടാേബ്ലാ, ഓപൺ റിഫൈൻ, കെ.എൻ.െഎ.എം.ഇ തുടങ്ങിയ ടൂളുകളുടെ സഹായത്താൽ വിവരങ്ങളെ അപഗ്രഥിച്ചാണ് പത്തു ദിവസമെടുത്ത് റിപ്പോർട്ട് തയാറാക്കിയതെന്ന് 29കാരനായ ഡാറ്റ അനലിസ്റ്റ് നിധിൻ ചന്ദ്രദാസ് പറയുന്നു. പോളിങ് നടന്ന ഏപ്രിൽ ആറുമുതൽ 16 വരെ ദിവസങ്ങളിലായി ഫേസ്ബുക്, വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകൾ എന്നിവയിൽനിന്നാണ് ഡാറ്റ ശേഖരിച്ചത്. വ്യത്യസ്ത നിയോജക മണ്ഡലങ്ങളിലെ ആളുകളുടെ പ്രതികരണവും നീരിക്ഷിച്ചാണ് അനാലിസിസ് റിപ്പോർട്ട് തയാറാക്കിയതെന്നും നിധിൻ പറയുന്നു.
'ബിഗ് ഡാറ്റ അനലിറ്റിക്സ് ടൂളുകൾ ഉപഭോക്താക്കളുടെയും മറ്റും അഭിരുചികളും പ്രതികരണങ്ങളുമറിയാൻ കമ്പനികൾ ഫലപ്രദമായി ആശ്രയിക്കുന്നവയാണ്. പല ബ്രാൻഡുകൾക്കും വേണ്ടി തങ്ങൾ ഇത്തരം അനലിറ്റിക്സ് റിപ്പോർട്ടുകൾ തയാറാക്കാറുണ്ടെന്നും 90 ശതമാനം കൃത്യത ഇത്തരം റിപ്പോർട്ടുകൾക്കുണ്ടാകാറുണ്ടെന്നും നിധിൻ അവകാശപ്പെടുന്നു. സോഷ്യൽ മീഡിയയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ബിഗ് ഡാറ്റ അനാലിസിസ് റിപ്പോർട്ടുകൾക്ക് പരമ്പരാഗതമായി തയാറാക്കുന്ന എക്സിറ്റ് പോളുകളേക്കാൾ ഉയർന്ന കൃത്യത ഉണ്ടാവുമെന്ന് ഡാറ്റാ സെക്യൂരിറ്റി വിദഗ്ധനായ മനു സക്കറിയ കൂട്ടിേച്ചർക്കുന്നു.
റിപ്പോർട്ടിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്ക് ലഭിച്ചേക്കാമെന്ന് സൂചിപ്പിക്കുന്ന സീറ്റുകൾ തിരുവനന്തപുരം, നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട് എന്നിവയാണ്. ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് എമ്മിന് ഈ തെരഞ്ഞെടുപ്പ്ഫലം തിരിച്ചടിയാവുമെന്നും അനാലിസിസ് റിപ്പോർട്ട് പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.