സൂംബ നാടിന്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റം -ഭാരതീയ വിചാര കേന്ദ്രം

തിരുവനന്തപുരം: സൂംബക്കെതിരെ പ്രതിഷേധവുമായി ഭാരതീയ വിചാര കേന്ദ്രം. ലഹരിക്കെതിരെ എന്ന പേരിൽ സൂംബ നൃത്തം വിദ്യാർഥികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പറഞ്ഞു.

കേരളത്തിലേക്ക് ലഹരി കടത്തിക്കൊണ്ടുവരുന്ന കള്ളക്കടത്ത് ശൃംഖലകളെ ഇല്ലായ്മ ചെയ്യാതെ ലഹരിക്ക് ഇരയായവരെ മാത്രം അറസ്റ്റുചെയ്ത് പൊതുജനമദ്ധ്യത്തിൽ പ്രദർശിപ്പിക്കുന്ന ചടങ്ങ് മാത്രമാണ് സർക്കാർ ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് സൂംബയുടെ പേരിൽ മേനി പറയുന്ന സർക്കാർ കാപട്യം വ്യക്തമാകുന്നത്. സൂംബ ഈ നാടിന്റെ സാംസ്കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നു കയറ്റവും അധിനിവേശവുമാണ്.

കലാ കായികരംഗത്തെ പുഷ്ടിപ്പെടുത്താനോ സംരക്ഷിക്കാനോ പരിശ്രമിക്കാത്ത സർക്കാർ, സൂംബ പോലുള്ള വിദേശ ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ തത്പരകക്ഷികളുടെ ഗൂഢലക്ഷ്യങ്ങളുണ്ട്. കേരളത്തിന്റെ പരമ്പരാഗത കായിക അധ്യാപകർക്കും ഇപ്പോൾ അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്ന യോഗ പരിശീലകർക്കും അവസരം നിഷേധിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനും പ്രതിരോധിക്കാനും രക്ഷകർത്താക്കളും അദ്ധ്യാപക സംഘടനകളും മുന്നോട്ടുവരണമെന്ന് ഭാരതീയ വിചാര കേന്ദ്രം അഭ്യർത്ഥിച്ചു.

Tags:    
News Summary - Bharatiya Vichara Kendram against Zumba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.