ഭാരതാംബ: ഗവർണർക്കെതിരെ സി.പി.ഐ സ്വരം കടുപ്പിക്കുമ്പോഴും സി.പി.എം മൗനത്തിൽ

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെ ചൊല്ലി ഗവർണറും സി.പി.ഐയും തമ്മിലുള്ള വാക്പോരിനിടെ, സമരമുഖം തുടർന്ന് പാർട്ടിയുടെ യുവജന സംഘടന. രാജ്ഭവനെ ആർ.എസ്.എസ് ശാഖയാക്കാൻ അനുവദിക്കില്ലെന്നും ഗവർണറെ തിരികെ വിളിക്കണമെന്നുമാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ചൊവ്വാഴ്ച രാജ്ഭവനിലേക്ക് മാർച്ച് നടത്തി.

ബില്ലുകൾ ഒപ്പിടാതെ മടക്കിയതും വൈസ് ചാൻസലർ നിയമനങ്ങളുമടക്കം വിഷയങ്ങളിൽ മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാറും എൽ.ഡി.എഫും തുടങ്ങിയ തർക്കം ഏറ്റുമുട്ടലായി മാറിയിരുന്നു.

എന്നാൽ, പുതിയ ഗവർണർ രാജേന്ദ്ര ആർലേക്കറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായെങ്കിലും ഇതുവരെ സമരപാത തുറന്നിരുന്നില്ല. അതിനാണിപ്പോൾ അന്ത്യമായത്. സമരമുഖം തുറന്നതിനാൽ ഗവർണർ സ്വീകരിക്കുന്ന തുടർനിലപാടുകളും പ്രധാനമാണ്.

‘ഓപറേഷൻ സിന്ദൂറു’മായി ബന്ധപ്പെട്ട് രാജ്ഭവനിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്. ഗുരുമൂർത്തിയെ എത്തിച്ച് പ്രഭാഷണം നടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം വിമർശനമുന്നയിച്ചെങ്കിലും ഇടതുസംഘടനകളൊന്നും പ്രക്ഷോഭത്തിനിറങ്ങിയിരുന്നില്ല.

പ്രഭാഷണ വിവാദം കൊഴുക്കുന്നതിനിടെയാണ് രാജ്ഭവൻ പരിസ്ഥിതി ദിനാചരണത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന ഒരുക്കിയത്. ചടങ്ങിൽനിന്ന് വിട്ടുനിന്ന കൃഷിമന്ത്രി പി. പ്രസാദ് കടുത്ത വിമർശനമുന്നയിച്ചതോടെയാണ് രാജ്ഭവനിലെ ആർ.എസ്.എസ് വത്കരണം പൊതുചർച്ചയായത്.

പിന്നാലെ, വിഷയം രാഷ്ട്രീയമായി ഏറ്റെടുത്ത സി.പി.ഐയുടെ രാജ്യസഭ കക്ഷി നേതാവ് പി. സന്തോഷ് കുമാർ ഗവർണറെ പിൻവലിക്കാനാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പരാതിയും നൽകി. ദേശീയ പതാകയേന്തി വൃക്ഷത്തൈ നടുന്ന വേറിട്ട പ്രതിഷേധവും പാർട്ടി ബ്രാഞ്ച് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. ഇതോടെ, കാവിക്കൊടിയേന്തിയ ഭാരതാംബ എല്ലാത്തിനും മുകളിലാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ രാജ്ഭവനിലെ മുഴുവൻ പരിപാടികളിലും ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നിർബന്ധമാക്കുകയും ചെയ്തു. തിങ്കളാഴ്ച രാജ്ഭവനിൽ നടന്ന ഗോവ ദിനാചരണം തുടങ്ങിയത് പുഷ്പാർച്ചനയോടെയാണ്. വരും ദിവസങ്ങളിൽ നടക്കുന്ന പശ്ചിമ ബംഗാൾ ദിനാചരണം, യോഗ ദിനാചരണം എന്നിവയിലും പുഷ്പാർച്ചന നടക്കുമെന്ന് രാജ്ഭവൻ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്ഭവനെ ആർ.എസ്.എസ് വത്കരിക്കുന്നതിൽ സി.പി.ഐ ഗവർണർക്കെതിരെ സ്വരം കടുപ്പിക്കുമ്പോൾ സി.പി.എം മൗനത്തിലാണ്. കൃഷിമന്ത്രിയുടേത് അന്തസ്സുള്ള നിലപാടെന്നു പറഞ്ഞ് വിഷയത്തിൽ നിന്നൊഴിഞ്ഞുമാറുകയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചെയ്തത്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം സി.പി.എം-ബി.ജെ.പി അന്തർധാരയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചിട്ടുണ്ട്.

Tags:    
News Summary - Bharatamba: CPI is raising its voice against the Governor, the CPM is silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.