ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം ദർബാർ ഹാളിലെത്തിച്ചപ്പോൾ ആദരാഞ്ജലിയർപ്പിക്കുന്ന കെ.എസ്.യു
പ്രവർത്തക
തിരുവനന്തപുരം: മുഖ്യമന്ത്രിയായും മന്ത്രിയായും പതിറ്റാണ്ടുകൾ ചെലവിട്ട ഭരണസിരാകേന്ദ്രത്തിൽ ഉമ്മൻ ചാണ്ടിക്ക് പതിനായിരങ്ങളുടെ യാത്രാമൊഴി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ ഉൾപ്പെടെ രാഷ്ട്രീയ കേരളത്തിന്റെ പരിച്ഛേദം സെക്രട്ടേറിയറ്റിന്റെ ദർബാർ ഹാളിലെത്തി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചു.
കണക്കുകൂട്ടലുകൾ തെറ്റിച്ചുള്ള ജനസഞ്ചയമാണ് പ്രിയനേതാവിനെ അവസാനമായി കാണാൻ ഒഴുകിയെത്തിയത്. പുതുപ്പള്ളി ഹൗസിൽനിന്ന് ആംബുലൻസിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് രാത്രി ഏഴോടെ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ദർബാർ ഹാളിൽ എത്തിച്ചത്. അപ്പോഴേക്കും ഹാളും പരിസരവും ജനക്കൂട്ടത്താൽ നിറഞ്ഞു. പ്രിയ നേതാവിന്റെ ഭൗതിക ദേഹം വഹിച്ചുള്ള വാഹനമെത്തിയതോടെ അന്ത്യാഭിവാദ്യ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ ഉമ്മൻ ചാണ്ടിയുടെ വളർച്ചക്ക് സാക്ഷ്യം വഹിച്ച സംസ്ഥാന ഭരണസിരാകേന്ദ്രം അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറി.
ജനസഞ്ചയത്തിന് നടുവിൽ കിടത്തിയ ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തിന് സമീപം ഭാര്യ മറിയാമ്മ ഉമ്മനും മക്കളായ ചാണ്ടി ഉമ്മനും മറിയ ഉമ്മനും അച്ചു ഉമ്മനും ഉൾപ്പെടെ കുടുംബാംഗങ്ങളും പാർട്ടി ബന്ധുക്കളും കദനഭാരത്തോടെ നിന്നു. മണിക്കൂറുകൾ നീണ്ട പൊതുദർശനത്തിന് ശേഷം പാളയം സെന്റ് ജോർജ് കത്തീഡ്രലിലേക്കും അവിടെനിന്ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനിലേക്ക് മൃതദേഹം കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.