'ഒരു പെണ്ണിന്‍റെ മാനത്തിന്‍റെ വിലയാണോ അഞ്ച് ലക്ഷം രൂപ?' വിധിയിൽ പൂർണ നിരാശയെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയിൽ പൂർണമായും നിരാശയെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഒരു പെണ്ണിന്‍റെ മാനത്തിന്‍റെ വിലയാണോ അഞ്ച് ലക്ഷമെന്നും അവർ ചോദിച്ചു. ഇതെന്ത് വിധിയാണ്? കേസിലെ മറ്റ് പ്രതികളെ വെറുതെവിട്ടതുപോലെ ഇവരെയും വിട്ടാൽ മതിയായിരുന്നില്ലേ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

വിധി പ്രസ്താവം നടത്തുന്ന ദിവസം മുതൽ അതിജീവിതയോട് ഒപ്പം ഉണ്ടായിരുന്നു. ഇന്ന് വീട്ടിലേക്ക് തിരിക്കുകയാണ്. അതിജീവിതയോട് വിധിയെക്കുറിച്ച് സംസാരിക്കാൻ ഭയമാണെന്ന് എന്താണ് സംസാരിക്കേണ്ടതെന്നു പോലും അറിയില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കുറ്റക്കാരായി കണ്ടെത്തിയ ആറു പ്രതികളെയും 20 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. പള്‍സര്‍ സുനി എന്ന എന്‍.എസ്. സുനില്‍ (37), മാര്‍ട്ടിന്‍ ആന്റണി (33), ബി. മണികണ്ഠന്‍ (36), വി.പി. വിജീഷ് (38), വടിവാള്‍ സലിം എന്ന എച്ച്. സലിം (29), പ്രദീപ് (31) എന്നിവരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് കഠിന തടവിന് ശിക്ഷിച്ചത്.

പ്രതികൾ 50,000 രൂപ പിഴയും അടക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അതിജീവിതക്ക് അഞ്ചു ലക്ഷം രൂപ പിഴ തുകയിൽനിന്ന് നൽകാനും കോടതി ഉത്തരവിട്ടു. ഒന്നാം പ്രതി സുനിലിന് ഐ.ടി ആക്ട് പ്രകാരം അഞ്ചു വർഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. എന്നാൽ, ഇത് 20 വർഷത്തെ കഠിന തടവിനൊപ്പം അനുഭവിച്ചാൽ മതി. ആറു പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. 439 ദിവസങ്ങളായി നടന്ന വിചാരണ നടപടികൾക്ക് താൽക്കാലിക അന്ത്യം കുറിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്. കുറ്റകൃത്യം അത്യന്തം ഗുരുതരവും ഗൗരവമേറിയതുമായതിനാൽ പ്രതികൾക്ക് ഒരുവിധത്തിലുള്ള ഇളവിനും അർഹതയില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും കൂടി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. റിമാന്‍ഡ് തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയില്‍നിന്ന് ഇളവ് ചെയ്യണമെന്ന് പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. പൾസർ സുനി ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാൽ ബാക്കി പന്ത്രണ്ടര വർഷം കൂടി തടവ് അനുഭവിച്ചാൽ മതി. രണ്ടാം പ്രതി മാര്‍ട്ടിൻ 13 വര്‍ഷം തടവില്‍ കഴിയണം. മൂന്നാം പ്രതി ബി. മണികണ്ഠനും നാലാം പ്രതി വി.പി. വിജീഷും 16 കൊല്ലവും ആറു മാസവും തടവുശിക്ഷ അനുഭവിക്കണം. അഞ്ചാം പ്രതി സലിമും ആറാം പ്രതി പ്രദീപും 18 വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പരോളും അവധി ദിവസങ്ങളും കുറക്കുമ്പോള്‍ പ്രതികളുടെ ശിക്ഷ കാലയളവില്‍ ഇനിയും കുറവ് വരും.

ശിക്ഷാ വിധി കേട്ട് പ്രതികളെല്ലാം കോടതിയിൽ പൊട്ടിക്കരഞ്ഞു. അതിജീവിതക്ക് മോതിരം തിരികെ നൽകണമെന്നും ആക്രമണ ദൃശ്യം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നും കോടതി നിർദേശം നൽകി. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

നേരത്തെ, അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും മുഖ്യപ്രതിയായ പൾസർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർഥിച്ച ആറാം പ്രതിയായ പ്രദീപ് കോടതി മുറിയിൽ വിങ്ങിപ്പൊട്ടി. ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും രണ്ടാം പ്രതിയായ മാർട്ടിൻ പറഞ്ഞു. തന്‍റെ പേരിൽ മുമ്പ് ഒരു പെറ്റിക്കേസ് പോലുമില്ലെന്നും മാർട്ടിൻ വ്യക്തമാക്കി.

ഗൂഢാലോചനിൽ പങ്കില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും മൂന്നാം പ്രതി മണികണ്ഠൻ വ്യക്തമാക്കി. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ശിക്ഷയിൽ ഇളവ് നൽകണമെന്നും മണികണ്ഠൻ പറഞ്ഞു. കോടതിക്ക് പുറത്തുവെച്ച് മണികണ്ഠൻ മകളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. കുറഞ്ഞ ശിക്ഷ നൽകണമെന്നും നാട് തലശ്ശേരിയിലാണെന്നും കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കാൻ അനുവദിക്കണമെന്നും നാലാം പ്രതി വിജീഷും തെറ്റ് ചെയ്തിട്ടില്ലെന്നും ഭാര്യയും മകളുമുണ്ടെന്നും അഞ്ചാം പ്രതി വടിവാൾ സലിം പറഞ്ഞു.

പ്രതികള്‍ ഒരോരുത്തരും 50,000 രൂപ വെച്ചു പിഴയൊടുക്കണമെന്നും അതില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഐടി ആക്ട് പ്രകാരം പള്‍സര്‍ സുനിയ്ക്ക് അഞ്ച് വര്‍ഷം തടവ് കൂടി ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകുമെന്നാണ് കോടതിയുടെ തീര്‍പ്പ്. വിചാരണ കാലയളവില്‍ ജയിലില്‍ കിടന്ന കാലയളവ് കുറച്ചതിന് ശേഷം മാത്രം ശിക്ഷ അനുഭവിച്ചാല്‍ മതി. കേസിലെ പ്രധാന തെളിവായ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥനോട് സൂക്ഷിച്ചുവെയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ഒരു കാരണവശാലും പുറത്തുവരാത്ത രീതിയില്‍ ഇത് കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. അതിജീവിതയുടെ വിവാഹനിശ്ചയമോതിരം തിരികെ നൽകണമെന്ന് കോടതി പറഞ്ഞു. തൊണ്ടിമുതലിന്റെ ഭാഗമായുള്ള മോതിരമാണ് അതിജീവിതയ്ക്ക് തിരികെ നൽകേണ്ടത്. വിവാഹ മോതിരം കാണത്തക്ക വിധത്തിലാണ് പ്രതികൾ കൂട്ടബലാത്സംഗം നടന്ന ദിവസത്തിൽ വിഡിയോ ചിത്രീകരിച്ചത്.

Tags:    
News Summary - Bhagyalakshmi says she is completely disappointed with the verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.