മുല്ലപ്പെരിയാര്‍ മരംമുറി: ബെന്നിച്ചന്‍റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട്​ സസ്‌പെന്‍ഷനിലായിരുന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്‍റെ സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ റദ്ദാക്കി. മുല്ലപ്പെരിയാര്‍ ബേബി ഡാം ശക്തിപ്പെടുത്താന്‍ സമീപത്തെ 15 മരങ്ങള്‍ മുറിക്കാൻ തമിഴ്‌നാട് സര്‍ക്കാറിന് അനുമതി നല്‍കി ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ടായിരുന്നു സസ്‌പെന്‍ഷൻ.

മരംമുറിയുമായി ബന്ധപ്പെട്ട്​ ബെന്നിച്ചന്‍ തോമസിന്‍റെ മാത്രം സസ്‌പെന്‍ഷന്‍ തുടരേണ്ടതില്ലെന്ന സസ്‌പെന്‍ഷന്‍ നടപടി അവലോകനം ചെയ്ത ഉന്നതതല സമിതിയുടെ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന്​ വ്യാഴാഴ്ച രാത്രിയില്‍ ചീഫ്​ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി.

മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്​ പരിസരത്തെ 15 മരങ്ങള്‍ മുറിച്ചുനീക്കാന്‍ തമിഴ്‌നാട് ജലവിഭവ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കി ഉത്തരവിറക്കിയതിനുപിന്നാലെ കഴിഞ്ഞ നവംബര്‍ 11നാണ് ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന സമിതിയുടെ ആവശ്യത്തെ തുടര്‍ന്നാണ് ബെന്നിച്ചന്‍ ഉത്തരവിറക്കിയതെന്ന ചില രേഖകള്‍ പുറത്തുവന്നിരുന്നു.

ഇതേക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി, ജല വിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ വെള്ളപൂശിയാണ്​ മുഖ്യമന്ത്രിക്ക്​ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ്​ സൂചന. ജലവിഭവ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടലിന്​ കൃത്യമായ രേഖകള്‍ ലഭിച്ചിട്ടില്ലെന്നാണ്​ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനുപിന്നാലെയാണ് ബെന്നിച്ചന്‍ തോമസിന്‍റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഉത്തരവിറക്കിയത്. 

Tags:    
News Summary - bennichan's suspension revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.