ബംഗളൂരു സ്ഫോടന കേസ്: പുതിയ തെളിവുകള്‍ പരിഗണിക്കണമെന്ന് കര്‍ണാടക, അന്തിമവാദം കേള്‍ക്കല്‍ സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടന കേസിൽ അബ്ദുന്നാസിർ മഅ്ദനി ഉൾപ്പെടെയുള്ളവർക്കെതിരായ പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

വിചാരണ കോടതിയിൽ ആരംഭിക്കാനിരിക്കുന്ന അന്തിമവാദം കേൾക്കൽ സുപ്രിംകോടതി സ്റ്റേ ചെയ്തു. മഅ്ദനി ഉള്‍പ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. ഫോൺ വിളിയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പരിഗണിക്കാൻ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിയോട് നിർദേശിക്കണമെന്ന ആവശ്യം നേരത്തെ കർണാടക ഹൈകോടതി തള്ളിയിരുന്നു.

തുടർന്നാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച സുപ്രീംകോടതി മഅ്ദനി, തടിയന്‍റവിട നസീർ ഉൾപ്പെടെ കേസിലെ 21 പ്രതികൾക്ക് നോട്ടീസ് അയച്ചു. ഉടൻ തന്നെ വിചാരണ കോടതിയിൽ ആരംഭിക്കാൻ ഇരിക്കുന്ന അന്തിമവാദം കേൾക്കൽ സ്റ്റേ ചെയ്യണമെന്ന് കർണാടക സർക്കാറിന്റെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ നിഖിൽ ഗോയൽ ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ കഴിയില്ലെന്നാണ് മഅ്ദനി ഉൾപ്പെടെയുള്ളവരുടെ വാദം.

തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ കുറ്റപത്രം നൽകിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകൾ ഇനി പരിഗണിക്കാൻ അനുവദിച്ചാൽ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും. പുതിയ തെളിവുകൾ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീളുന്നതിന് കാരണമാകുമെന്നും പ്രതിഭാഗത്തിന്‍റെ അഭിഭാഷകര്‍ വാദിച്ചു.

Tags:    
News Summary - Bengaluru blast case: consider fresh evidence - Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.