നാദാപുരം: ഒരു മാസം മുമ്പാണ് ബംഗാൾ സ്വദേശി രാംദേവ് മണ്ഡലിെൻറ സ്വപ്നങ്ങൾ തകർത്ത് കൈകാലുകൾ തളർന്നത്. നാട്ടിലുള്ള മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും നോക്കാൻ വണ്ടി കയറി കേരളക്കരയിലെത്തിയ ഈ യുവാവ് ഇന്ന് ഒറ്റപ്പെട്ടു കഴിയുകയാണ്. ഇപ്പോൾ ഒരേയൊരു സ്വപ്നമേയുള്ളൂ, എങ്ങനെയെങ്കിലും വീടണയണം.
ഏഴു വർഷം മുമ്പ് നാദാപുരത്തെ ചേലക്കാട് എത്തിയ രാംദേവ് മണ്ഡലിന് കഴിഞ്ഞ മാസം ആദ്യമാണ് വലത് കാലിനും കൈക്കും തളർച്ച അനുഭവപ്പെട്ടത്.
കോവിഡ് ഭീതിയിൽ സഹപ്രവർത്തകർ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുണ്ടായി. ചെന്നെത്തിയത് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച്ച അവിടെ ചികിത്സ തേടി. രണ്ട് ദിവസമായി ഡിസ്ചാർജ് ചെയ്ത് ചേലക്കാട്ടെ ക്വാട്ടേഴ്സിൽ എത്തിയിട്ട്. ഇപ്പോൾ കൈകാലുകൾ അല്പം ചലിക്കുന്നുണ്ടെന്നു മാത്രം. നാട്ടിലെത്താൻ ആംബുലൻസ് വാടക കൊടുക്കണമെങ്കിൽ 85000 രൂപ വേണം. അതിന് കൈയിൽ കാശില്ല. ട്രെയിൻ ലഭിച്ചാലും വേണ്ടില്ല, നല്ല രീതിയിൽ നാട്ടിലെത്തിക്കാൻ അധികൃതർ കനിയണമെന്നാണ് സഹപ്രവർത്തകരടെ അപേക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.