തലശ്ശേരി: ജില്ലയിലെ ഒരു ഭിക്ഷാടകൻ മാസം തോറും പണമയക്കുന്നത് മലേഷ്യയിലേക്ക്. മറ്റൊരാളുടെ ഭാണ്ഡക്കെട്ടിൽ കണ്ടെത്തിയത് മൂന്ന് എ.ടി.എം കാർഡുകളും പാൻകാർഡും. ഒരു സ്ത്രീ വൈകീട്ട് പണം ഏൽപിക്കുന്നത് ജ്വല്ലറിയിൽ. നാട്ടിലേക്ക് മാസം 30,000 രൂപവരെ അയക്കുന്ന മറ്റൊരു സ്ത്രീയുമുണ്ട്. തലശ്ശേരി നഗരത്തിൽ അഗതികൾക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കി വിശപ്പ്രഹിത, ഭിക്ഷാടന മുക്തനഗരം പദ്ധതി നടപ്പാക്കുന്ന ‘അത്താഴക്കൂട്ടം’ നടത്തിയ പഠനത്തിലാണ് ഇൗ കണ്ടെത്തലുകൾ.
മലേഷ്യയിൽ എം.ബി.എക്ക് പഠിക്കുന്ന മകനു വേണ്ടിയാണ് ഇതര സംസ്ഥാനക്കാരനായ ഭിക്ഷാടകൻ മാസംതോറും തുക അയക്കുന്നത്. രണ്ടു കാലുകളുമില്ലാത്ത ഇയാളുടെ ദിവസ വരുമാനം 1500 മുതൽ 1800 വരെ രൂപയാണെന്നും ‘അത്താഴക്കൂട്ട’ത്തിന് നേതൃത്വം നൽകുന്ന ഷാംറീസ് ബക്കർ പറഞ്ഞു. രണ്ടുമാസം മുമ്പ് മഞ്ഞോടിയിൽ വീണുകിടക്കുന്ന ഒരാളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ ‘അത്താഴക്കൂട്ടം’ പ്രവർത്തകർ എത്തിച്ചു. ഇയാളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് കേരളത്തിലെ ഒരു പ്രമുഖ സിനിമ നടിയുടെ അമ്മാവനാണെന്ന് തിരിച്ചറിഞ്ഞത്. വീടുവിട്ടിറങ്ങിയതായിരുന്നു ഇയാൾ. മൂന്നാഴ്ച മുമ്പ് ഭക്ഷണം കിട്ടാതെ തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ അവശനായി കിടന്ന ഒരു കുട്ടിയെ ജയ്പൂരിൽനിന്ന് തട്ടിക്കൊണ്ടുവന്നതാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയുടെ അമ്മ ജയ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഭിക്ഷയെടുത്താണ് ജീവിക്കുന്നത്. കുട്ടിയെ അമ്മയിൽനിന്ന് പണം കൊടുത്ത് വാങ്ങിയ സംഘമാണ് തലശ്ശേരിയിലെത്തിച്ച് ഭിക്ഷാടനത്തിന് നിയോഗിച്ചത്. ഉച്ചവരെ ഭിക്ഷയെടുക്കലും അതിനുശേഷം ബലൂൺ വിൽപനയുമാണ് കുട്ടിയെക്കൊണ്ട് ചെയ്യിക്കുന്നത്. ഇൗ കുട്ടിയെ രക്ഷപ്പെടുത്തി ‘അത്താഴക്കൂട്ടം’ സംരക്ഷണം നൽകി.
ശരാശരി 800 മുതൽ 1000 രൂപവരെ ഒരോ ഭിക്ഷാടകനും ദിവസവും സമ്പാദിക്കുന്നുണ്ട്. മാസം 30,000 രൂപ നാട്ടിലേക്ക് അയക്കുന്ന സ്ത്രീ പുനരധിവാസ കേന്ദ്രത്തിലേക്ക് പോകാൻ തയാറാകുന്നില്ല. ഇൗ തുക നാട്ടിലേക്ക് അയച്ചില്ലെങ്കിൽ ഉപദ്രവം നേരിടേണ്ടിവരുമെന്നാണ് അവർ പറഞ്ഞത്. മൂന്നു വർഷം മുമ്പ് തലശ്ശേരി നഗരത്തിൽ 63 ഭിക്ഷാടകരെയാണ് ‘അത്താഴക്കൂട്ടം’ കണ്ടെത്തിയത്. ഇതിൽ 12 പേരെ പലയിടത്തായി പുനരധിവസിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.