ബീക്കണ്‍ ലൈറ്റ് ഒഴിവാക്കുന്നു; മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക്​ രജിസ്​ട്രേഷൻ നമ്പര്‍

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ വാഹനങ്ങളുടെയും ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി. ആംബുലന്‍സ്, ഫയര്‍, പൊലീസ് മുതലായ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം.

 മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ മോട്ടോര്‍ വാഹനവകുപ്പി​െൻറ  രജിസ്ട്രേഷന്‍ നമ്പര്‍ പ്രദർശിപ്പിക്കാനും തീരുമാനമായി.  ഇപ്പോള്‍ മന്ത്രിമാരുടെ വാഹനങ്ങളിൽ രജിസ്ട്രേഷൻ നമ്പർ നൽകുന്നില്ല. പകരം 1, 2, 3 തുടങ്ങിയ നമ്പറുകളാണ് നല്‍കുന്നത്.

ആറ് വ്യവസായ പാര്‍ക്കുകളില്‍ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ്

കിന്‍ഫ്രയുടെ മെഗാ ഫുഡ് പാര്‍ക് (കോഴിപ്പാറ, പാലക്കാട്), കോഴിക്കോട് രാമനാട്ടുകര വ്യവസായ പാര്‍ക്, കുറ്റിപ്പുറം വ്യവസായ പാര്‍ക്‍, തൃശൂര്‍ പുഴക്കല്‍പ്പാടം വ്യവസായ പാര്‍ക്, കെഎസ്ഐഡിസിയുടെ അങ്കമാലി ബിസിനസ് പാര്‍ക്‍, പാലക്കാട് ലൈറ്റ് എൻജിനിയറിങ് പാര്‍ക് എന്നിവക്ക് ബാധകമായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ വിവിധ ലൈസന്‍സുകളും ക്ലിയറന്‍സുകളും വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് ബോര്‍ഡ് രൂപീകരിക്കുന്നത്. വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കും ബോര്‍ഡിന്റെ ചെയര്‍മാന്‍. കിന്‍ഫ്ര, കെ.എസ്.ഐ.ഡി.സി എന്നിവയുടെ പ്രതിനിധികളും ബന്ധപ്പെട്ട ജില്ലാ കലക്ടരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ 15 അംഗങ്ങളുള്ളതാണ് ബോര്‍ഡ്.

ജസ്റ്റിസ് പി എ മുഹമ്മദ് കമീഷന്‍ പരിഗണനാ വിഷയങ്ങൾ

2016 ജൂലൈ 20ന് ഹൈകോടതിക്ക് മുമ്പില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് പി എ മുഹമ്മദ് കമീഷന്റെ പരാമര്‍ശ വിഷയങ്ങള്‍ തീരുമാനിച്ചു.

പുതിയ തസ്തികകള്‍

എക്സൈസ് വകുപ്പില്‍ 138 വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിക്കും.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളേജുകളില്‍ പുതുക്കിയ ശമ്പള നിരക്കില്‍ 721 സ്റ്റാഫ് നഴ്സ് ഗ്രേഡ് - 2 തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍

ലോകായുക്തയില്‍ സ്പെഷല്‍ ഗവ. പ്ലീഡറായി പാതിരിപ്പള്ളി കൃഷ്ണകുമാരിയെ നിയമിക്കാന്‍ തീരുമാനിച്ചു.  ഒരു വര്‍ഷത്തേക്കാണ് നിയമനം.

മറ്റ് തീരുമാനങ്ങള്‍

കെഎസ്എഫ്ഇയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2017 മെയ് 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.
കിന്‍ഫ്ര മുഖേന പെട്രോ കെമിക്കല്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിന് ഫാക്റ്റിന്റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 600 ഏക്കര്‍ ഭൂമി പരസ്പരധാരണ പ്രകാരം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 1864 കോടി രൂപ ചെലവില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോ കെമിക്കല്‍ കോംപ്ലക്സിന് വേണ്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത്.
എനര്‍ജി മാനേജ്മെന്റ് സെന്ററിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.
കേരള ചലച്ചിത്ര വികസന കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു.

Tags:    
News Summary - beacon light kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.