തിരുവനന്തപുരം: ദേശീയ ഗെയിംസ് ബീച്ച് ഹാൻഡ്ബാളിൽ കേരളം ഹരിയാനയുമായി ഒത്തുകളിച്ച് വെള്ളിമെഡൽ നേടുകയായിരുന്നെന്ന കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശത്തിനെതിരെ, സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ മെഡൽ ജേതാക്കളുടെ പ്രതിഷേധം. ഒരാഴ്ചക്കുള്ളിൽ മന്ത്രി പരാമർശം പിൻവലിച്ചില്ലെങ്കിൽ മെഡലുകൾ കടലിലെറിയുമെന്ന് ബീച്ച് ഹാൻഡ്ബാൾ വനിത താരങ്ങൾ പറഞ്ഞു. ഇന്നലെ രാവിലെയാണ് ടീമിലെ ഒമ്പത് അംഗങ്ങളും ടീം മാനേജർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അസോസിയേഷൻ പ്രതിനിധികളടക്കമുള്ളവർ ദേശീയ ഗെയിംസ് ട്രോഫിയും മെഡലുകളുമായി സ്പോർട്സ് കൗൺസിലിന് മുന്നിലെത്തിയത്. ഇതോടെ, കൗൺസിലിന്റെ മുഖ്യകവാടം സുരക്ഷ ജീവനക്കാർ താഴിട്ടുപൂട്ടി. തുടർന്ന്, കവാടം താരങ്ങൾ ഉപരോധിച്ചു.
ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള പരിശീലന ക്യാമ്പിന് സർക്കാർ യഥാസമയം പണം അനുവദിക്കാത്തതിനാൽ ക്യാമ്പ് നടന്നത് മൂന്നു ദിവസം മാത്രമാണെന്നും ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും കഷ്ടപ്പെട്ട് വെള്ളിമെഡൽ നേടിയിട്ടുപോലും ഒരുവിലയും സർക്കാർ തരാത്തത് സഹിക്കാൻ കഴിയുന്നതല്ലെന്നും താരങ്ങൾ പറഞ്ഞു. സെലക്ഷൻ ട്രയൽസിനായി ഹാൻഡ്ബാൾ പോസ്റ്റ് പോലും സ്പോർട്സ് കൗൺസിൽ അനുവദിച്ചില്ലെന്ന് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ബർണാഡ് ആരോപിച്ചു. മൂന്നു തവണയായി ദേശീയ ഗെയിംസിൽ കേരളം വെള്ളിമെഡൽ ജേതാക്കളാണെന്നും അവരെ അംഗീകരിക്കാതെ താഴ്ത്തിക്കെട്ടുന്നത് നാണക്കേടാണെന്നും ടീം മാനേജർ റൂബിന ഹുസൈൻ ആരോപിച്ചു. മന്ത്രി പരാമർശം പിൻവലിക്കാൻ തയാറായില്ലെങ്കിൽ പരിശീലനം നടത്തിയ ശംഖുംമുഖത്തെ കടപ്പുറത്ത് മെഡൽ ഉപേക്ഷിക്കുമെന്ന് താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഒത്തുകളി പരാമർശത്തിൽ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് കേരള ഒളിമ്പിക് അസോസിയേഷൻ. മന്ത്രിക്കെതിരെ എന്തുനിലപാട് സ്വീകരിക്കണമെന്ന് ചർച്ചചെയ്യുന്നതിനായി വെള്ളിയാഴ്ച എക്സിക്യൂട്ടിവ് കൗൺസിൽ ചേരും. അസോസിയേഷനുകൾക്ക് സർക്കാർ നൽകിയ പണം ഒരുവിഭാഗം പുട്ടടിച്ചെന്ന പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ അറിയിച്ചിരുന്നു,
ആ വെള്ളി തിരിച്ചുകൊടുക്കുന്നതാണ് നല്ലത് -മന്ത്രി
മലപ്പുറം: ദേശീയ ഗെയിംസിലെ ഒരു മത്സര ഇനത്തിൽ ഒത്തുകളിച്ച് കേരളത്തിന് ലഭിക്കേണ്ട സ്വർണമെഡലിനു പകരം വാങ്ങിയ വെള്ളിമെഡൽ തിരിച്ചുകൊടുക്കുന്നതാണ് നല്ലതെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ. കേരള ഒളിമ്പിക് അസോസിയേഷനും ചില കായിക സംഘടനകളുമായും മന്ത്രിയുടെ അഭിപ്രായ ഭിന്നതയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയ ഗെയിംസിൽ ഒരു ഇനത്തിൽ സ്വർണം ഹരിയാനക്ക് കൊടുത്ത് വെള്ളിമെഡൽ വാങ്ങി വന്നത് കേരളത്തിലെ ഒരു അസോസിയേഷൻ ചെയ്ത പ്രവൃത്തിയാണ്. ഇതൊക്കെ അനുവദിക്കാനാവുമോ? ഒത്തുകളിക്കാതെ മാന്യമായ മത്സരം നടത്തി സ്വർണമെഡൽ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ബജറ്റിൽനിന്ന് നേരിട്ട് പണം വാങ്ങുന്ന കായിക സംഘടനകൾ എന്തു ചെയ്തെന്ന് വ്യക്തമാക്കണം. അവരാണല്ലോ ഇപ്പോൾ വിമർശനവുമായി നടക്കുന്നത്. പണം വാങ്ങിയതെല്ലാം സർക്കാറിന്റെ കണക്കിലുണ്ട്. ‘പുട്ടടി’ എന്ന് ഉദ്ദേശിച്ചത് അതുതന്നെയാണ്. ആ വാദത്തിൽതന്നെ ഉറച്ചുനിൽക്കുകയാണ്. ഇതൊന്നും നന്നാവാൻ പാടില്ല എന്നു കരുതുന്ന ചില ആളുകളുണ്ട്. അവരുടെ മനോഭാവത്തിൽ മാറ്റം വരണം. പണം കൊടുക്കുന്നത് സർക്കാറാണെങ്കിലും കായിക താരങ്ങളെ കണ്ടെത്തി തയാറെടുപ്പുകൾ നടത്തി മുന്നോട്ടുപോകേണ്ടത് കായിക സംഘടനകളാണ്.
കായികമേഖലയിലെ അടിസ്ഥാന വികസനത്തിനായി 1400 കോടിയോളം രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. ഒളിമ്പിക് അസോസിയേഷൻ കേരളത്തിന്റെ കായിക താൽപര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. ആ പദവിക്ക് ചേരാത്ത പ്രസ്താവനകൾ ഉണ്ടായി. ഇവിടെ എല്ലാ കായിക സംഘടനകളും പണം ദുരുപയോഗം ചെയ്യുന്നതായി പറഞ്ഞിട്ടില്ല. ചില അസോസിയേഷനുകളെയാണ് ഉദ്ദേശിച്ചത്. കേരളത്തിലെ ഹോക്കി അസോസിയേഷന് കഴിഞ്ഞ പത്തു വർഷമായി ടീമിന് യോഗ്യത നേടിക്കൊടുക്കാൻ സാധിച്ചിട്ടുണ്ടോ? അതുപോലുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതും വിമർശിക്കേണ്ടതുമാണ്. പാരമ്പര്യകലയായ കളരിയെ ദേശീയ ഗെയിംസിൽനിന്ന് മാറ്റരുതെന്ന് ഡൽഹി ഹൈകോടതി നിർദേശം നൽകിയിരുന്നു. എന്നാൽ, ഗെയിംസിൽനിന്ന് കളരിപ്പയറ്റ് മാറ്റിയപ്പോൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ പ്രമുഖ മലയാളി കായികതാരം ഇടപെട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി എട്ടുകാലി മമ്മൂഞ്ഞ് -കെ.ഒ.എ
തിരുവനന്തപുരം: ഇ.പി. ജയരാജൻ കായികമന്ത്രിയായിരുന്ന കാലത്ത് കായികമേഖലയിൽ നടത്തിയ 1200 കോടിയുടെ വികസനപ്രവർത്തനങ്ങളെ തന്റെ നേട്ടങ്ങളായി കാണുന്ന കായികമന്ത്രി വി. അബ്ദുറഹ്മാൻ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ. ഇ.പി. ജയരാജൻ കായികമന്ത്രിയായിരുന്ന കാലത്ത് കേരളത്തിലെ എല്ലാം സംഘടനകൾക്കും അവരുടെ എല്ലാ ചാമ്പ്യൻഷിപ്പുകൾ നടത്താനും ദേശീയ മത്സരങ്ങൾക്ക് പോകുന്ന കുട്ടികൾക്ക് ചെലവിനും ക്യാമ്പ് നടത്തുന്നതിനുമാവശ്യമായ തുക മുടക്കം കൂടാതെ നൽകിയിരുന്നു. എന്നാൽ, വി. അബ്ദുറഹ്മാന്റെ കാലത്ത് കായിക സംഘടനകൾക്കും കായികതാരങ്ങൾക്കും മുൻകാലങ്ങളിൽ ലഭിച്ചുകൊണ്ടിരുന്നതും ലഭിക്കേണ്ടതുമായിട്ടുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. മുൻമന്ത്രിയുടെ നേട്ടങ്ങൾ പറഞ്ഞ് സമൂഹത്തിൽ പുകമറ സൃഷ്ടിക്കുന്നത് ഭൂഷണമല്ല. ഇത്തരം പ്രസ്താവനകൾ നടത്തി കോമാളിയാകരുതെന്നും സുനിൽകുമാർ അറിയിച്ചു.
മന്ത്രിയെ ശരിവെച്ച് സീനിയർ പ്ലയേഴ്സ് അസോ.
കൊച്ചി: സംസ്ഥാന കായികമന്ത്രി ഒളിമ്പിക് അസോസിയേഷനെതിരെ നടത്തിയ ആരോപണങ്ങൾ ഹോക്കിയുടെ കാര്യത്തിൽ ശരിയാണെന്ന് ഹോക്കി സീനിയർ പ്ലയേഴ്സ് അസോസിയേഷൻ (സ്പായി). സ്പോർട്സ് കൗൺസിൽ കൊടുക്കുന്ന ഗ്രാന്റിന് പുറമെ ബജറ്റിൽനിന്ന് നേരിട്ട് പണം കിട്ടുന്ന ഏക കായിക മേഖല ഹോക്കിയാണ്. എന്നാൽ, ഇത് കേരള ഹോക്കി ടീമുകളുടെ വികസനത്തിനായി ഉപയോഗിക്കപ്പെടുന്നില്ലെന്നാണ് മന്ത്രി സൂചിപ്പിച്ചത്.
സംസ്ഥാന ഹോക്കി ടീമുകളുടെ പ്രകടനങ്ങളിൽ ഇത് വ്യക്തമാണ്. ഇത് വളച്ചൊടിച്ച് മറ്റു കായിക അസോസിയേഷനുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് അസോസിയേഷന്റെയും ഹോക്കി കേരളയുടെയും പ്രസിഡന്റ് വി. സുനിൽകുമാർ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.