നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭാരത് ധർമജന സേന (ബി.ഡി.ജെ.എസ്) മത്സരിക്കും. ഞായറാഴ്ച രാവിലെ 10ന് കോട്ടയത്ത് നടക്കുന്ന നേതൃയോഗത്തിനുശേഷം പ്രഖ്യാപനം ഉണ്ടാവും. ബി.ഡി.ജെ.എസ് ജില്ല പ്രസിഡന്റ് വഴിക്കടവ് സ്വദേശി ഗിരീഷ് മേക്കാട് സ്ഥാനാർഥിയായേക്കും.
2016ൽ ഗിരീഷ് മേക്കാട് നിലമ്പൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായിരുന്നു. 12,860 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബി.ജെ.പിയുടെ സീറ്റായ നിലമ്പൂർ ബി.ഡി.ജെ.എസിന് കൈമാറുകയായിരുന്നു. മലബാർ മേഖലയിൽ എസ്.എൻ.ഡി.പിക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മേഖലയെന്ന നിലക്കാണ് കൈമാറ്റമെന്നാണ് അന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞത്.
2021ൽ ബി.ജെ.പി പാലക്കാട് മേഖല വൈസ് പ്രസിഡന്റായിരുന്ന അഡ്വ. അശോക് കുമാർ ബി.ജെ.പിയുടെ സ്ഥാനാർഥിയായപ്പോൾ വോട്ട് കുറഞ്ഞു. 8580 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മണ്ഡലത്തിൽ ബി.ജെ.പിക്ക് ലഭിച്ച ഏറ്റവും കുറഞ്ഞ വോട്ടാണിത്. പി.വി. അൻവറും വി.വി. പ്രകാശുമായിരുന്നു ഇടത്, വലത് മുന്നണി സ്ഥാനാർഥികൾ. ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് മറിച്ചെന്ന ആരോപണം തെരഞ്ഞെടുപ്പിനുശേഷമുണ്ടായി. 2700 വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിന് പി.വി. അൻവറാണ് അന്ന് വിജയിച്ചത്.
രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർഥിയായ 2024ലെ വയനാട് ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാർഥി. നിലമ്പൂർ മണ്ഡലത്തിൽനിന്ന് 17,500 വോട്ട് സുരേന്ദ്രന് ലഭിച്ചു. രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലേക്ക് നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായ നവ്യ ഹരിദാസിന് മണ്ഡലത്തിൽനിന്ന് 13,600 വോട്ടാണ് ലഭിച്ചത്.
നിലവിലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ നിർത്തുന്നില്ലെന്ന് നേരത്തേ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിയില്ലെങ്കിൽ ബി.ജെ.പി വോട്ട് എവിടേക്ക് ഒഴുകുമെന്നത് വലിയ ചർച്ചയായി. എൽ.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് മറിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. വിഷയം മണ്ഡലത്തിൽ സജീവ ചർച്ചയുമായി. ബി.ജെ.പി പ്രാദേശിക നേതാക്കളും പ്രവർത്തകരും നേതൃത്വവുമായി തുടരെ ബന്ധപ്പെട്ടു. ഇതിനിടയിലാണ് ബി.ഡി.ജെ.എസിന്റെ സ്ഥാനാർഥിയെ നിർത്താൻ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.