???, ????

നടുങ്ങി വിറച്ച ദിനരാത്രങ്ങളെക്കുറിച്ച് ബാവയും ഷാജിയും

കോഴിക്കോട്: ‘‘ബുധനാഴ്ച ഉച്ചക്ക് ഒന്നിനാണ് പതിവുപോലെ ഞങ്ങൾ തോണിയിൽ പുറപ്പെട്ടത്. കടൽ പൊതുവെ ശാന്തമായിരുന്നു. എന്നാൽ, വ്യാഴാഴ്ച ആയതോടെ സ്ഥിതി മാറി. എന്താണ് സം‍ഭവിക്കുന്നതെന്നുപോലും മനസ്സിലാവുന്നില്ല, വന്യമായ കൊടുങ്കാറ്റു മാത്രം. ഫോണിൽ റേഞ്ച് കിട്ടുന്നുമില്ല, വയർലെസും തകരാറിലായി. ആരെയും ബന്ധപ്പെടാനുമാവുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ ദൈവത്തെ വിളിച്ചു. ശരിക്കും പെട്ടുപോയ അവസ്ഥയായിരുന്നു’’ -ബേപ്പൂർ തുറമുഖത്തെ പരിചരണ കേന്ദ്രത്തിൽവെച്ച് പ്രാഥമിക ശുശ്രൂഷക്കിടെ ഇതു പറയുമ്പോൾ മത്സ്യത്തൊഴിലാളികളായ ബാവയുടെയും ഷാജിയുടെയും കണ്ണുകളിൽ ദുരന്തം വീണ്ടും മുന്നിൽ കണ്ട പ്രതീതി.

ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ കോസ്​റ്റ്​ഗാർഡും ഫിഷറിസ് റെസ്ക്യൂ ഗാർഡും തൊഴിലാളികളും ചേർന്ന് ബേപ്പൂർ തുറമുഖത്തെത്തിക്കുന്നു
 

ചാലിയം സ്വദേശിയായ അബ്​ദുല്ലയുടെ യു.കെ സൺസ് എന്ന തോണിയിലാണ്​ ബേപ്പൂർ സ്വദേശിയായ ബാവയും താനൂരുകാരനായ ഷാജിയും തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ ജയകുമാറും പുറംകടലിലേക്ക് പുറപ്പെട്ടത്. ആദ്യദിനം ശാന്തമായി കടന്നുപോയെങ്കിലും വ്യാഴാഴ്ച കടലി​െൻറ ഗതി മാറി. ഓഖിയാണ് ആഞ്ഞടിക്കുന്നതെന്നൊന്നും ഇവർക്കറിയില്ലായിരുന്നു. നാട്ടിലേക്ക് വിളിക്കാനോ അധികൃതരെ ബന്ധപ്പെടാനോ ആയില്ല. ഇതിനിടയിൽ തോണിയുടെ എൻജിനും തകരാറിലായി, ഗതി മാറി ഒഴുകിയ തോണിയിലേക്ക് വെള്ളം ഇരച്ചുകയറാനും ഏറെസമയം വേണ്ടിവന്നില്ല. വെള്ളം മുക്കിയൊഴിക്കുന്ന പണിയായിരുന്നു പിന്നെയുണ്ടായിരുന്നത്. ഭക്ഷണമുണ്ടാക്കാൻ പോലുമാവാതെ രണ്ടുദിനമാണ് ഇവർ പട്ടിണി കിടന്നത്. 

കടലിലകപ്പെട്ട തൊഴിലാളികളെ ബേപ്പൂർ തുറമുഖത്തെത്തിച്ചപ്പോൾ
 

കടൽ കലി പൂണ്ടുനിന്ന കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ മൂന്നുപേർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും പ്രതികൂലമായ അന്തരീക്ഷം തടസ്സം സൃഷ്​ടിക്കുകയായിരുന്നു. ഞായറാഴ്ച കടൽ ഒരൽപം ശാന്തമായതോടെ കോസ്​റ്റ്​ഗാർഡും ഫിഷറീസ് റെസ്ക്യൂ ഗാർഡും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. കോസ്​റ്റ്​ഗാർഡ്​ ഹെലികോപ്​ടറും മംഗളൂരുവിൽനിന്നെത്തിയ ഷിപ്പും ഫിഷറീസ് ബോട്ടും ചേർന്നാണ് തിരച്ചിൽ നടത്തിയത്. രാവിലെ എട്ടിന് തിരച്ചിലാരംഭിച്ചെങ്കിലും ഉച്ചക്ക് മൂന്നുവരെ ഒരു വിവരവുമില്ലായിരുന്നു. ഈ സമയത്തെല്ലാം കരയിൽ ബന്ധുക്കളും കുടുംബാംഗങ്ങളും പ്രാർഥനയും കണ്ണീരുമായി ദിനങ്ങൾ തള്ളിനീക്കി. 

കോഴിക്കോടു തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെനിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. ശാരീരികമായും മാനസികമായും ഏറെ തകർന്ന അവസ്ഥയിലായിരുന്നു ഇവർ. വൈകീട്ട് നാലോെട കോസ്​റ്റൽ പൊലീസി​െൻറ ഗോൾഡൻ എന്ന ബോട്ടിലാണ് ഇവർ തീരത്തണഞ്ഞത്. മുമ്പ് ചെറിയ കാറ്റിലും കോളിലുമെല്ലാം പെട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ദുരന്തം നേരിടുന്നത് ആദ്യമായാണെന്ന് മൂന്നുപേരും പറയുന്നു. തുറമുഖത്തെ പ്രാഥമിക ശുശ്രൂഷക്കുശേഷം ഷാജിയെയും ബാവയെയും ബേപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയകുമാർ മുതലാളിയുെട കൂടെ ചാലിയത്തേക്ക് മടങ്ങി. 

Tags:    
News Summary - Bava and Shaji Remembers Horrible Days -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.