കോട്ടയം: മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനം വൈകി ഉദിച്ച വിവേകമെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. വിപണിയിൽ വിഷം വിൽക്കാൻ അനുമതി നൽകിയ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെ മാത്രമേ സെൻസർ ബോർഡ് തീരുമാനത്തെ കാണാനാകൂ. തക്ക സമയത്ത് ഇടപെടൽ നടത്താതെ ഇപ്പോൾ നിലപാടെടുക്കുന്നതിൽ എന്ത് പ്രസക്തിയെന്നും കാതോലിക്കാബാവാ ചോദിച്ചു.
തീയറ്റർ റിലീസിന് ശേഷം ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലുമെത്തി. മൊബൈൽ സ്ക്രീനിലൂടെ ബഹു ഭൂരിപക്ഷവും സിനിമ കണ്ടു കഴിഞ്ഞു. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ വയലൻസ് രംഗങ്ങൾ ചിലതെങ്കിലും ഒഴിവാക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉണ്ണി മുകുന്ദന്‍ നായകനായ ‘മാര്‍ക്കോ’ സിനിമ ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സി.ബി.എഫ്.സി) നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സി.ബി.എഫ്.സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ.
കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. ‘എ’ സര്‍ട്ടിഫിക്കറ്റുമായി പ്രദര്‍ശനാനുമതി നല്‍കിയതിനാലാണ് തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സി.ബി.എഫ്.സി) പ്രാദേശിക ഓഫിസറായ നദീം തുഫൈല്‍ പറഞ്ഞു. മാര്‍ക്കോക്ക് തീയറ്റര്‍ പ്രദര്‍ശനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നായിരുന്നു കേരളത്തിലെ കമ്മിറ്റിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വയലൻസ് രംഗങ്ങളുടെ പേരിൽ ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് സി.ബി.എഫ്.സി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതിയെന്നും നദീം തുഫൈല്‍ പറഞ്ഞു.
വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കുട്ടികള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികളുമായി സിനിമയ്ക്ക് പോകും മുമ്പ് സിനിമയുടെ സര്‍ട്ടിഫിക്കറ്റേതാണെന്ന് അന്വേഷിക്കുന്നത് ഉചിതമായിരിക്കും. 'എ' സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നതായി പരാതി ലഭിച്ചാല്‍ തീയറ്ററില്‍നിന്ന് 10,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമമുണ്ടെന്നും നദീം പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫിസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്.
മലയാളികള്‍ക്കൊപ്പം മറുഭാഷ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫിസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.