തിരുവനന്തപുരം: കുട്ടികളുടെ ധീരതാ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ ധീരതാ അവാര്‍ഡിന് കേരളത്തില്‍നിന്ന് നാലുപേരെ തെരഞ്ഞെടുത്തതായി കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ തിരുവനന്തപുരം ജില്ല കലക്ടര്‍ എസ്. വെങ്കിടേസപതി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.
കെ.പി. ബദറുന്നിസ (പട്ടാമ്പി, പാലക്കാട്), ബിനില്‍ മഞ്ഞളി (അത്താണി, എറണാകുളം), ആദിത്യന്‍ എം.പി. പിള്ള (റാന്നി, പത്തനംതിട്ട), അഖില്‍ കെ. ഷിബു (മുണ്ടപ്പുഴ, പത്തനംതിട്ട) എന്നിവര്‍ക്കാണ് അവാര്‍ഡ്. ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക് ദിന ചടങ്ങില്‍ പ്രധാനമന്ത്രി അവാര്‍ഡുകള്‍ സമ്മാനിക്കും. സംസ്ഥാന ധീരതാ അവാര്‍ഡ് ജനുവരി അവസാന ആഴ്ച പ്രഖ്യാപിക്കുമെന്ന് കലക്ടര്‍ എസ്. വെങ്കടേസപതി അറിയിച്ചു.
കുളത്തില്‍ മുങ്ങിത്താഴുകയായിരുന്ന മകളെയും അമ്മയെയും രക്ഷിച്ചാണ് പട്ടാമ്പി പ്രഭാത് കോളജിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി ബദറുന്നിസ അവാര്‍ഡിന് അര്‍ഹയായത്. പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡില്‍ വെള്ളത്തിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തില്‍പെട്ട ആറംഗ കുടുംബത്തിലെ നാലുപേരില്‍ ഒരാളെ സ്വന്തമായും നാട്ടുകാരെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കി മറ്റുള്ളവരെയും രക്ഷപ്പെടുത്തിയതിനാണ് കളമശ്ശേരി രാജഗിരി പബ്ളിക് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ബിനില്‍ മഞ്ഞളിക്ക് അവാര്‍ഡ് ലഭിച്ചത്. പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതിനാണ് റാന്നി അങ്ങാട് വരവൂര്‍ മേലതില്‍ പ്രദീപ്-സുജ ദമ്പതികളുടെ 14 വയസ്സുകാരനായ ആദിത്യന്‍ അവാര്‍ഡിനര്‍ഹനായത്. പമ്പാനദിയിലെ ഒഴുക്കില്‍പ്പെട്ട അയ്യപ്പഭക്തനെ രക്ഷിച്ചതിനാണ് റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥി അഖില്‍ കെ. ഷിബുവിന് അവാര്‍ഡ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.