ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്കരണ കരാർ ഒപ്പിടാൻ മുംബൈയിൽ ചേർന്ന ഐ.ബി.എ-യു.എഫ്.ബി.യു യോഗം

രാജ്യത്തെ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചു; വേതനം 17 ശതമാനം വർധിക്കും

തൃശൂർ: വാണിജ്യ ബാങ്ക് ജീവനക്കാർക്കും ഓഫിസർമാർക്കും 17 ശതമാനം വേതന വർധനവും പെൻഷൻ, സേവന വ്യവസ്ഥാ പരിഷ്കരണവും അടങ്ങുന്ന 12ാം ഉഭയകക്ഷി വേതന കരാറും ജോയിന്‍റ് നോട്ടും ഒപ്പുവെച്ചു. മുംബൈയിൽ വെള്ളിയാഴ്ച നടന്ന അന്തിമ യോഗത്തിൽ 12 പൊതുമേഖലാ ബാങ്കുകൾക്കും 10 സ്വകാര്യ ബാങ്കുകൾക്കും മൂന്ന് വിദേശ ബാങ്കുകൾക്കും വേണ്ടി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്‍റെ ഭാഗമായ അഞ്ച് വർക്ക്മെൻ യൂനിയനുകളും നാല് ഓഫിസർ സംഘടനകളുമാണ് കരാർ ഒപ്പ് വെച്ചത്.

പൊതുമേഖല, സ്വകാര്യ-വിദേശ ബാങ്കുകളിലെ എട്ട് ലക്ഷത്തിൽപരം ജീവനക്കാർക്കും ഓഫിസർമാർക്കും സേവന-വേതന കരാർ ബാധകമാണ്. 2022 നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ശമ്പള കരാർ മൂലം 12,449 കോടി രൂപയാണ് ശമ്പള ചെലവിൽ ഉണ്ടാകുന്ന പ്രതിവർഷ വർധനവ്. പുതുക്കിയ കരാർ പ്രകാരം ക്ലറിക്കൽ വിഭാഗം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം തുടക്കത്തിൽ 24,050 രൂപയും അവസാനം 64,480 രൂപയുമാകും. സബോർഡിനേറ്റ് ജീവനക്കാർക്ക് ഇത് യഥാക്രമം 19,500 രൂപയും 37,815 രൂപയുമാകും. ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ്, ഇന്ത്യൻ നാഷനൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സ് എന്നീ സംഘടനകളാണ് യുനൈറ്റഡ് ഫോറത്തിലുള്ളത്.

2022 ഒക്ടോബർ 21ന് നൽകിയ അവകാശപത്രികയെ തുടർന്ന് 2023 ജൂലൈ 28നാണ് ഉഭയകക്ഷി ചർച്ച ആരംഭിച്ചത്. ആറുവട്ടം നടന്ന ചർച്ചകൾക്കൊടുവിൽ 2023 ഡിസംബർ ഏഴിന് ധാരണാപത്രം ഒപ്പുവെക്കുകയും 2024 ജനുവരി 12, ഫെബ്രുവരി 13 തീയതികളിൽ നടന്ന ചർച്ചകളിൽ അന്തിമ കരാറിന് രൂപം നൽകുകയും ചെയ്തു.

Tags:    
News Summary - Bank employees of the country have signed a salary revision agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.