ബാലഭാസ്കറിന്‍റെ പിതാവ് സി.കെ. ഉണ്ണി, അർജുൻ, ബാലഭാസ്കർ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകം തന്നെയാണെന്നും ആവർത്തിച്ച് പിതാവ് സി.കെ. ഉണ്ണി. ബാലഭാസ്കറിന്റെ മരണത്തിൽ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നില്ല. എവിടെയും തൊടാത്ത റിപ്പോർട്ടാണ് സി.ബി.ഐ നൽകിയത്. കള്ളക്കടത്ത് സംഘത്തിന്റെ സമ്മർദത്തിന് സി.ബി.ഐയും വഴങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അർജുൻ നേരത്തെ തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സി.കെ. ഉണ്ണി ചൂണ്ടിക്കാണിച്ചു. പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയിൽനിന്ന് സ്വർണം കവർന്ന കേസിൽ ഡ്രൈവർ അർജുൻ അറസ്റ്റിലായ സാഹചര്യത്തിലാണ് ഉണ്ണിയുടെ പ്രതികരണം.
“ബാലഭാസ്കറിനെ കൊന്നതാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. സി.ബി.ഐ അന്വേഷണം എവിടെയും എത്തിയില്ല. എങ്ങുംതൊടാത്ത റിപ്പോർട്ടാണ് അവർ നൽകിയത്. കള്ളക്കടത്ത് സംഘത്തിന്റെ സമ്മർദത്തിന് സി.ബി.ഐയും വഴങ്ങിയെന്നു വേണം മനസ്സിലാക്കാൻ. അർജുൻ നേരത്തെ തന്നെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എ.ടി.എം കവർച്ച, ഭവനഭേദനക്കേസ് ഒക്കെ അവന്റെ പേരിലുണ്ടായിരുന്നു. ബാലഭാസ്കർ മരിച്ച അപകടമുണ്ടായതിനു ശേഷമാണ് ഇക്കാര്യങ്ങളെല്ലാം അറിയുന്നത്” -സി.കെ. ഉണ്ണി പറഞ്ഞു.
ബാലഭാസ്കറാണ് കാറോടിച്ചതെന്നും 1.3 കോടി രൂപ നഷ്ടപരിഹാരം കിട്ടണമെന്നും ആവശ്യപ്പെട്ട് അർജുൻ കേസ് കൊടുത്തിട്ടുണ്ടെന്നും അഭിഭാഷകനെ അയച്ചാണ് കേസ് നടത്തുന്നതെന്നും ഉണ്ണി പറഞ്ഞു.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. മകൾ സംഭവ സ്ഥലത്തുവച്ചും ബാലഭാസ്കർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണു മരിച്ചത്. ബാലഭാസ്കറിന്റെ മരണ സമയത്തുതന്നെ അർജുനുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളുയർന്നിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണമയുർന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷണം നടത്തിയിരുന്നു.
അതേസമയം പെരിന്തൽമണ്ണയിൽ ജ്വല്ലറി അടച്ചു വീട്ടിലേക്കു പോകുകയായിരുന്ന കടയുടമകളായ സഹോദരങ്ങളെ അക്രമിച്ചാണ് അർജൻ അടങ്ങിയ സംഘം 3.2 കിലോഗ്രാം സ്വർണം തട്ടിയെടുത്തത്. 21ന് രാത്രി നടന്ന സംഭവത്തിൽ 13 പേർ പിടിയിലായി. 5 പേരെ കണ്ടെത്താനായിട്ടില്ല. പെരിന്തൽമണ്ണയിൽനിന്നു കവർച്ച നടത്തി ചെർപ്പുളശ്ശേരിയിലെത്തിയ സംഘത്തെ അവിടെ കാത്തുനിന്ന് പ്രതികളിലൊരാളായ മിഥുന്റെ വീട്ടിലെത്തിച്ചത് അർജുനാണെന്നു പൊലീസ് അറിയിച്ചു. 24ന് ആണ് പാലക്കാട് പാട്ടരുക്കൽ കുറിയേടത്ത് മനയിൽ അർജുൻ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.