തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌കറിന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണ ഹരജിയിൽ ജൂലൈ 22ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി പറയും. അന്വേഷണം സംബന്ധിച്ച സി.ബി.ഐ വിശദീകരണം കേട്ട ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. നേരേത്ത കേസ് വിധി പറയാൻ നിശ്ചയിച്ചിരുന്നെങ്കിലും ഫോൺ പരിശോധന ഉൾപ്പെടെ കാര്യങ്ങൾ കുറ്റപത്രത്തിൽ വ്യക്തമാക്കാത്തതിനാൽ കോടതി സി.ബി.ഐയോട് വിശദീകരണം തേടിയിരുന്നു.
ബാലഭാസ്കറിന്‍റെ മാതാപിതാക്കളായ ഹരജിക്കാരുടെ ആകുലത മാനിക്കുന്നെന്ന് സി.ബി.ഐ അഭിഭാഷക കോടതിയെ അറിയിച്ചു. എന്നാൽ, അന്വേഷണ ഏജൻസിക്ക് ഒരിക്കലും കുടുംബാംഗങ്ങളുടെ സംശയങ്ങൾ മുഴുവൻ തീർക്കുന്ന രീതിയിൽ അന്വേഷിക്കാൻ കഴിയില്ല. നൂറുകണക്കിന് സ്വതന്ത്ര സാക്ഷികളുടെ മൊഴി ശേഖരിച്ചും ഫോൺ രേഖകൾ പരിശോധിച്ചുമാണ് അന്വേഷണം പൂർത്തിയാക്കിയത്.
ബാലഭാസ്കറിന്‍റെ ഫോൺരേഖകൾ ഡി.ആർ.ഐ അന്വേഷണത്തിന്‍റെ ഭാഗമായി സി-ഡാക് മുഖേന പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ട് സി.ബി.ഐയുടെ പക്കലുമുണ്ട്. ഇക്കാര്യം കുറ്റപത്രത്തിൽ പറഞ്ഞിട്ടില്ലെന്ന് കോടതിയിൽ സി.ബി.ഐ സമ്മതിച്ചു. കുറ്റപത്രം സമർപ്പിക്കാനുള്ള തിടുക്കത്തിൽ അന്വേഷണത്തിന് അനുയോജ്യമായ രീതിയിൽ സാക്ഷികളെ രേഖപ്പെടുത്തി എന്ന ഹരജിക്കാരുടെ ആരോപണം ശരിയല്ല. ബാലഭാസ്കറിന്‍റെ ഭാര്യ, മാനേജർ, ബന്ധുക്കൾ എന്നിവരുടെ ഫോൺ വിവരങ്ങൾ വ്യക്തമായി പരിശോധിച്ചിരുന്നു. ഇതിൽ ഒരു ദുരൂഹതയും കണ്ടെത്താൻ കഴിഞ്ഞില്ല. മറ്റൊരു ഹരജിക്കാരനായ സോബി കൊണ്ടുവരുന്ന തെളിവുകൾ ഒഴിച്ച് ബാലഭാസ്കറിന്‍റെ മാതാപിതാക്കളുടെ പക്കൽ എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ കോടതിയിൽ സമർപ്പിച്ചാൽ പരിഗണിക്കാം. അന്വേഷണം നടത്തുന്നത് നിയമ നടപടി നോക്കിയിട്ടാണ്. അല്ലാതെ ആരുടെയും പാവയായി പെരുമാറാൻ സി.ബി.ഐക്ക് കഴിയില്ലെന്നും അഭിഭാഷക അറിയിച്ചു. സി.ബി.ഐക്ക് ഈ കേസിൽ ശബ്ദം ഉണ്ടായതിൽ സന്തോഷിക്കുന്നുവെന്ന ആമുഖത്തോടെയാണ് ഹരജിക്കാരുടെ അഭിഭാഷകൻ വാദം തുടങ്ങിയത്. സാക്ഷികൾ പറഞ്ഞ കാര്യം മറു അന്വേഷണം നടത്താതെയാണ് കുറ്റപത്രം സമർപ്പിച്ചത്. വിശദ അന്വേഷണം നടത്തിയാൽ കേസിലെ ദുരൂഹത നീങ്ങുമായിരുന്നെന്നും വാദിച്ചു.പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് സി.ബി.ഐ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.