രാഹുൽ ഈശ്വർ
തിരുവനന്തപുരം: രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ച് വീണ്ടും യുവതിയുടെ പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിക്കുന്ന തരത്തിൽ വിഡിയോ ചെയ്യരുതെന്ന സെഷൻസ് കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഐ.ജി പൂങ്കുഴലിക്കാണ് പരാതി ലഭിച്ചത്.
നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചും യുവതിയെ അധിക്ഷേപിച്ചും വിഡിയോകൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനാണ് രാഹുൽ ഈശ്വറും കെ.പി.സി.സി ഭാരവാഹി സന്ദീപ് വാര്യറും ഉൾപ്പെടെ നിരവധി പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തത്. രാഹുൽ ഈശ്വർ കേസുമായി ബന്ധപ്പെട്ട് മൂന്നാഴ്ച റിമാൻഡിൽ കഴിയേണ്ട സാഹചര്യമുണ്ടായി. പിന്നീട് കർശന ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യമനുവദിച്ചത്.
സമാന കുറ്റം ചെയ്യാൻ പാടില്ല,. സാക്ഷിയെ ഭീഷണിപ്പെടുത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ ഭർത്താവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രംഗത്തുവന്നതോടെയാണ് അതിജീവിതയെ പേര് പരാമർശിക്കാതെ അധിക്ഷേപിക്കുന്ന തരത്തിൽ വിഡിയോ പോസ്റ്റ് ചെയതത്. ഇതോടെ കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തെ നയിക്കുന്ന പൂങ്കുഴലിക്ക് പരാതി നൽകുകയായിരുന്നു. പരാതി സൈബർ എസ്.എച്ച്.ഒക്ക് കൈമാറി. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പൊലീസ് കോടതിയെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.