കണ്ണൂർ: നിരന്തരം വർഗീയ പ്രസ്താവനകൾ നടത്തി വിവാദം സൃഷ്ടിച്ച എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനെയും മകനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെയും യു.ഡി.എഫ് മന്ത്രിമാർ സന്ദർശിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കി കെ.പി.സി.സി അംഗം റിജിൽ മാക്കുറ്റി. തിരിച്ചടി വലുതായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി.
‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞിട്ട് ഒരു ഈഴവനും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല. ഈ യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടി വലുതായിരിക്കും’ -റിജിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് അനുഗ്രഹം തേടിയിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തുഷാർ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. കാർത്തികപ്പള്ളിയിലെ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡന്റ് അശോക പണിക്കരുടെ വസതിയിലായിരുന്നു ചെന്നിത്തല- തുഷാർ കൂടിക്കാഴ്ച.
സൗഹൃദസന്ദർശനത്തിന്റെ ചിത്രങ്ങൾ തുഷാർ വെള്ളാപ്പള്ളി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രിയും കോൺഗ്രസിന്റെ ജനപ്രിയ നേതാവുമായ രമേശ് ചെന്നിത്തലയെ താൻ സ്‌നേഹപൂർവം സ്വീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ദീർഘകാലത്തെ പൊതുപ്രവർത്തനത്തിലൂടെ നേതൃപാടവവും അനുഭവസമ്പത്തും തെളിയിച്ച വ്യക്തിയാണ് ചെന്നിത്തലയെന്നും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനമാണെന്നും തുഷാർ കുറിച്ചു. മന്ത്രിക്ക് ആയുരാരോഗ്യസൗഖ്യവും ഔദ്യോഗിക ചുമതലകളിൽ കൂടുതൽ വിജയവും ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ആലുവയിലെ വസതിയിലെത്തിയായിരുന്നു തുഷാർ സന്ദർശിച്ചത്. ഈ സന്ദർശനം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നെങ്കിലും കേവലം ജന്മദിനാശംസകൾ നേരുന്നതിനായുള്ള യാത്ര മാത്രമാണെന്നായിരുന്നു തുഷാറിന്റെ പ്രതികരണം.
സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടതെന്നും, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും തുഷാർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.