‘ആ വിറയൽ മാറിയിട്ടില്ല’; ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചതെന്ന് മിനി കൂപ്പർ അപകടത്തിൽ പ്രതിയുടെ ശബ്ദസന്ദേശം
കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മൂന്നാം പ്രതിയായ ജോയലിന്റെ ശബ്ദസന്ദേശം പുറത്ത്. ഒന്നാം പ്രതി സുഹൈൽ സജീവ് ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചതെന്ന് വ്യക്തമാക്കുന്ന ജോയലിന്റെ ശബ്ദ സന്ദേശം പുറത്തു വന്നു.
ജോയൽ സുഹൃത്തിനയച്ച ഓഡിയോ സന്ദേശമാണ് പൊലീസിന് ലഭിച്ചത്. അപകടദിവസം രാവിലെ 9.25നാണ് സന്ദേശം അയച്ചിരിക്കുന്നത്.
‘ബാറിൽ പോയി മദ്യപിച്ചു. നേരത്തെ മദ്യപിച്ചതിന് പുറത്താണ് കഴിച്ചത്. ഞാനും അടിച്ചു ഒരു ബിയർ. തിരിച്ചുവരുന്ന വഴി ഭയങ്കര സ്പീഡിനാണ് വണ്ടി ഓടിച്ചത്. സ്കൂട്ടറിൽ ഇടിച്ചു, മൂന്നുപേരും തെറിച്ചുവീണു. നിനവ് ആണ് എന്നോടും അമീനോടും വിട്ടോളാൻ പറഞ്ഞത്. മൂന്നുപേരും സ്പോട്ടിൽ തീർന്നു. ഓ.. ആ വിറയൽ മാറിയിട്ടില്ല. ആ സുഹൈൽ പറയുകയാണ് ബാപ്പ നോക്കിക്കോളുമെന്ന്. അതു നാട്ടുകാർ കേട്ടിട്ട് ഇടിച്ചു. നിനവിനും കിട്ടി ഇടി’ -എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ല കോടതി ബുധനാഴ്ച വിധി പറയാനിരിക്കെയാണ് ശബ്ദസന്ദേശം പുറത്തു വന്നത്. പ്രതികളുടെ റിമാൻഡ് കാലാവധി 14 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്. ഇനിയും ജാമ്യം നിഷേധിക്കരുതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ കാറിടിച്ച് കൽപ്പറ്റ മടക്കിമല താഴെ വീട്ടിൽ ദേവിക, മണ്ണാർക്കാട് എടക്കുറിശ്ശി നെല്ലാറ്റ കരിമ്പ മുളളങ്കുഴി വീട്ടിൽ എം.പി. ഗോപിക, മംഗലാപുരം സുളള്യ കനകമഞ്ചൽ വീട്ടിൽ ഇയ്യാസ് എന്നിവരാണ് മരിച്ചത്.
നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് കഴിഞ്ഞ 11 ന് പുലർച്ചെയായിരുന്നു അപകടം. നിനവ്, അമീൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.