തിരുവനന്തപുരം: ലീഡ് നിലകൾ മാറിമറിഞ്ഞ വാശിയേറിയ മത്സരത്തിൽ ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. അടൂർ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോൾ വി. ജോയ് 3,21,176 വോട്ട് നേടി.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെല്ലാം ഉച്ചയോടെ കൃത്യമായ ഫലസൂചന തന്നെങ്കിലും ആറ്റിങ്ങൽ അവസാന നിമിഷം വരെ സസ്പെൻസ് ഒളിപ്പിച്ചുനിർത്തി. ഒരു ഘട്ടത്തിൽ നേരിയ വോട്ടുകൾക്ക് ഇടത് സ്ഥാനാർഥി ഏറെ നേരം മുന്നിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ, ഫോട്ടോഫിനിഷിൽ 1708 വോട്ടിന് അടൂർ പ്രകാശ് വിജയിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാംതവണയാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലെത്തുന്നത്.
2019ൽ 38,247 വോട്ടിനാണ് യു.ഡി.എഫിലെ അടൂർ പ്രകാശ് എൽ.ഡി.എഫ് സ്ഥാനാർഥി എ. സമ്പത്തിനെ പരാജയപ്പെടുത്തിയത്. അടൂർ പ്രകാശ് 3,80,995 വോട്ട് നേടിയപ്പോൾ സിറ്റിങ് എം.പിയായിരുന്ന എ. സമ്പത്തിന് 3,42,748 വോട്ട് മാത്രമേ നേടാനായുള്ളൂ. ശോഭ സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാർഥി. 2,48,081 വോട്ട് പിടിക്കാൻ എൻ.ഡി.എക്കായി.
ഇടതിന്‍റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന വർക്കല 2019ലെ രാഹുൽ തരംഗത്തിലാണ് എൽ.ഡി.എഫിനെ കൈവിട്ടത്. 2009ൽ 18,341 വോട്ടിനും 2014ൽ 69,378 വോട്ടിനും എ. സമ്പത്ത് വിജയിച്ച മണ്ഡലമാണ്. ഇത്തവണ വിജയം എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിച്ച് മൂന്നു മുന്നണികളും നന്നായി പണിയെടുത്ത മണ്ഡലമാണ് ആറ്റിങ്ങൽ. തുടക്കം മുതൽ പ്രചാരണത്തിൽ ഇടത് പക്ഷം മേൽക്കൈ നേടിയെങ്കിലും നേരിയ വോട്ടിന് വിജയം കൈവിട്ടു.
ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം, ഭരണവിരുദ്ധ വികാരം എന്നിവ വോട്ടായി മാറിയാൽ കഴിഞ്ഞ തവണത്തെ വിജയം അടൂർ പ്രകാശിന് ആവർത്തിക്കാനാവുമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടൽ. ഈഴവ വോട്ടുകൾ ഫലനിർണയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ ഈ വോട്ടുകൾ മൂന്ന് സ്ഥാനാർഥികൾക്കും വിഭജിച്ച് പോയതായാണ് വിലയിരുത്തൽ.
മണ്ഡലം പിടിക്കുക തന്നെ ലക്ഷ്യമിട്ടാണ് ഇത്തവണ ബി.ജെ.പി കേന്ദ്ര മന്ത്രിയായ വി. മുരളീധരനെ തന്നെ ഇറക്കിയത്. എന്നാൽ, 3,07,133 വോട്ടാണ് നേടാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.