കോഴിക്കോട്: അട്ടപ്പാടി ഭൂമി കൈയേറ്റങ്ങളിലെ വ്യാജ ആധാരങ്ങൾക്ക് പിന്നിൽ റവന്യൂ ഉദ്യോഗസ്ഥരെന്ന് ആദിവാസികൾ. ഭൂമാഫിയ സംഘം ഹാജരാക്കുന്ന വ്യാജ പ്രമാണങ്ങൾക്ക് നികുതി രസീത് നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഇപ്പോൾ ആദിവാസി ഭൂമി കൈയേറിയെന്ന ആരോപണമുയർന്ന എല്ലായിടത്തും മരിച്ച ആദിവാസികളുടെ പേരിലുള്ള ഭൂമിയാണ് തട്ടിയെടുത്തത്. ഈ ഭൂമി കുടുംബം ഭാഗം വെക്കുകയോ അനന്തരാവകാശികൾക്ക് നൽകുകയോ ചെയ്തിട്ടില്ല. എല്ലായിടത്തും 1986ന് മുമ്പ് ആദ്യ ആധാരം നടന്നുവെന്നാണ് റവന്യൂ ഉദ്യോഗസ്ഥരും ഭൂമാഫിയയും അവകാശപ്പെടുന്നത്.
എന്നാൽ 1986ന് മുമ്പ് ആദിവാസി ഭൂമി കൈമാറിയ ആധാരം റവന്യൂ ഉദ്യോഗസ്ഥർ ആദിവാസികളെ കാണിക്കാറില്ല.വ്യാജരേഖ സംബന്ധിച്ച് വില്ലേജ് ഓഫിസറോ, തഹസിൽദാരോ അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ല. നികുതി രസീത് നൽകിയ വില്ലേജ് ഓഫിസറും ഭൂമാഫിയക്ക് പിന്തുണ നൽകുന്ന തഹസിൽദാരും തയാറാക്കുന്ന റിപ്പോർട്ടുകൾ വിശ്വാസ്യതയില്ലെന്നും ആദിവാസി ആക്ഷൻ കൗൺസിൽ കൺവീനർ വി.എസ്. മുരുകൻ ചൂണ്ടിക്കാണിക്കുന്നു.
ആദിവാസി ഭൂമിയെന്ന് പരാതിയുള്ള കേസുകളിൽ നികുതി രസീത് നൽകരുതെന്ന് നിർദേശം നൽകിയിട്ടും വില്ലേജ് ഓഫിസർമാർ ഭൂമി വിൽപ്പന നടത്താൻ നികുതി രസീത് നൽകുന്നുണ്ട്. ഈ നികുതി രസീത് ഹാജരാക്കിയാണ് മാഫിയ സംഘം വിൽപ്പന നടത്തുന്നത്.
നഞ്ചിയമ്മയുടെ ഭൂമിയിൽ പ്രവേശിക്കാനും കാടുവെട്ടാനും കൈയേറ്റക്കാർക്ക് സഹായം നൽകുന്നതും റവന്യൂ ഉദ്യോഗസ്ഥരാണ്. ഭൂമി കേസിലെ ആദ്യ ഹിയറിങ് കലക്ടർ വിളിച്ചിരിക്കുന്നത് ഈ മാസം രണ്ടിനാണ്. അതേസമയം ഭൂമിയിൽ പ്രവേശിക്കാൻ നിലവിൽ ഉത്തരവുണ്ടെന്നാണ് കൈയേറ്റക്കാൻ അവകാശപ്പെടുന്നത്.
റവന്യൂ വകുപ്പിൽനിന്ന് വിരമിച്ച ചില ഉദ്യോഗസ്ഥരാണ് വ്യാജരേഖകൾ തയാറാക്കി നൽകുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്. ആനക്കട്ടി കേന്ദ്രീകരിച്ചാണ് ഭൂമാഫിയ പ്രവർത്തനം നടക്കുന്നത്.ചീരക്കടവിൽ ഭൂമാഫിയ കൊണ്ടുവന്ന ട്രാക്ടറിന് പിന്നാലെയെത്തിയ പൊലീസ് കോടതി ഉത്തരവ് കാട്ടി ആദിവാസികളെ ഭയപ്പെടുത്തുകയാണ് ചെയ്തത്. ട്രാക്ടർ ഓടിച്ച ഭൂമി സർവേ നമ്പർ 750/1ൽ ആണെന്ന് ആദിവാസികൾ പറഞ്ഞിട്ടും പൊലീസ് പരിഗണിച്ചില്ല. കോടതി ഉത്തരവിലെ ഭൂമിയുടെ സർവേ നമ്പർ 751/1 ആണ്.
മൂന്നാറിൽ നടന്നതിന് സമാനമായ തട്ടിപ്പാണ് അട്ടപ്പാടിയിൽ ഇപ്പോൾ നടക്കുന്നത്. വ്യാജരേഖയുണ്ടാക്കി റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആദിവാസി ഭൂമി കൈയേറുന്ന രീതി. എതിർക്കാൻ ആരുമില്ലെങ്കിൽ ഭൂമി നഷ്ടപ്പെടും. എതിർക്കുന്ന ആദിവാസികൾക്ക് പ്രലോഭനങ്ങൾ നൽകി പരാതി പിൻവലിപ്പിച്ച സംഭവവുമുണ്ട്.
അട്ടപ്പാടിയിലെ രാഷ്ട്രീയ നേതൃത്വം കൈയേറ്റത്തിന് കുടപിടിക്കുന്നതിനാൽ ആദിവാസികൾ നിസ്സഹായരാണ്. വ്യാജരേഖയുണ്ടാക്കി അട്ടപ്പാടിയിൽ വ്യപകമായി ആദിവാസി ഭൂമി കൈയേറുന്നുവെന്ന പരാതി ഉയരുന്ന സാഹര്യത്തിൽ ഇത് സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അട്ടപ്പാടി സംരക്ഷണ സമിതി നേതാവ് എം. സുകുമാരൻ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.