തിരുവനന്തപുരം: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങിയത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹരജി തീർപ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.
കാഴ്ചക്ക് തകരാറുണ്ടെന്നും അതിനാൽ ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. നേരത്തെ ചികിത്സക്കായി രണ്ടുമാസത്തെ പരോൾ അനുവദിച്ചിരുന്നു. 2014ലായിരുന്നു ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ ഭർതൃമാതാവ് ഓമന, അനുശാന്തിയുടെ നാല് വയസ്സുള്ള മകൾ സ്വാസ്തിക എന്നിവരാണ് കൊല്ലപ്പെട്ടത്. അനുശാന്തിയുടെ കാമുകനായ നിനോ മാത്യുവാണ് വീട്ടിൽ അതിക്രമിച്ചുകയറി ഇരുവരെയും കൊലപ്പെടുത്തിയത്. സംഭവത്തിൽ അനുശാന്തിക്ക് ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.