ചാവക്കാട്: പുന്നയൂർക്കുളം തൃപ്പറ്റ് കല്ലൂർ വീട്ടിൽ ശ്രീജിത്തിനെതിരായ ആക്രമണവും ഇതിന് ക്വട്ടേഷൻ നൽകിയ എറണാകുളം സ്വദേശി നിബു തീപ്പൊള്ളലേറ്റ് മരിച്ച സംഭവവും സംസ്ഥാന ക്രൈംബ്രാഞ്ച് പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. കമീഷൻ അംഗം വി.കെ. ബീനാകുമാരി സംസ്ഥാന പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച ഉത്തരവ് നൽകി.
നിബു മരിച്ച സംഭവത്തിൽ ദുരൂഹതയുള്ളതിനാലാണ് വടക്കേക്കാട്, എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത മുകളിൽ പറഞ്ഞ കേസുകൾ പുനരന്വേഷിക്കാനുള്ള ഉത്തരവ്. സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ മൂന്നംഗ സംഘം ചായക്കടയിൽ അതിക്രമിച്ചുകയറി കണ്ണിൽ മുളകുപൊടി വിതറി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി.
2021 ആഗസ്റ്റ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. ക്വട്ടേഷന് പിന്നിൽ സ്വകാര്യ സ്ഥാപന ഉടമകളാണെന്നും വടക്കേക്കാട് പൊലീസ് ദുർബല വകുപ്പുകൾ ചേർത്ത് അന്വേഷണം അട്ടിമറിച്ചെന്നും ശ്രീജിത്ത് പരാതി നൽകിയിരുന്നു.
പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഹരജികൾ നൽകുന്നയാളാണ് ശ്രീജിത്ത്. പ്രതികൾ എറണാകുളത്തുള്ളവരാണെന്നും ഇവർക്ക് ക്വട്ടേഷൻ നൽകിയ നിബു എന്നയാൾ 2021 സെപ്റ്റംബർ 17ന് തീപ്പൊള്ളലേറ്റ് മരിച്ചെന്നും തൃശൂർ ജില്ല പൊലീസ് മേധാവി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ സ്ഥാപന ഉടമകളാണ് ക്വട്ടേഷന് പിന്നിലെന്ന വാദത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനെതിരെ ശ്രീജിത്ത് രംഗത്തെത്തിയതിനെ തുടർന്നാണ് മനുഷ്യാവകാശ കമീഷൻ അന്വേഷണ വിഭാഗം കേസ് നേരിട്ട് അന്വേഷിച്ചത്. നിബുവിന്റെ ആത്മഹത്യക്ക് വഴിതെളിച്ച കാരണങ്ങൾ പൊലീസ് കണ്ടെത്തിയിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി.
ശ്രീജിത്ത് ആക്രമണ കേസിലെ മൂന്നാം പ്രതി തങ്ങൾക്ക് ക്വട്ടേഷൻ നൽകിയത് നിബുവാണെന്ന് വടക്കേക്കാട് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ മൂന്നാം ദിവസമാണ് നിബു മരിക്കുന്നത്. ശ്രീജിത്തിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയവരെ കണ്ടെത്താൻ നിബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് മനുഷ്യാവകാശ കമീഷൻ നിരീക്ഷിച്ചു.
അതിനാൽ, വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ 726/21 നമ്പർ കേസും എറണാകുളം നോർത്ത് സ്റ്റേഷനിലെ 1216/21 നമ്പർ കേസും പുനരന്വേഷിക്കണമെന്ന് ശിപാർശ നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമീഷൻ അംഗം ബീനാകുമാരിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.