തൊടുപുഴ: കരിമണ്ണൂരില്‍ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് കവര്‍ച്ചക്ക് ശ്രമിച്ച മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ കാഞ്ഞങ്ങാട് അറസ്റ്റിൽ. അസം നാഗോണ്‍ ജില്ലയില്‍ സിംലയ്പത്താര് സ്വദേശികളായ ജിന്നത്ത് അലി, തുമിറുൽ ഇസ്ലാം, അസീസുൽ ഹഖ് എന്നിവരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ സഹായത്തോടെ കരിമണ്ണൂര്‍ പൊലീസ് പിടികൂടിയത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇവർ കാഞ്ഞങ്ങാട് തമ്പടിച്ച് ജോലി അന്വേഷിച്ചു വരികയായിരുന്നു. കരിമണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടറിൽ വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് കവര്‍ച്ച ശ്രമം നടന്നത്. ആയുധങ്ങള്‍ ഉപയോഗിച്ച് എ.ടി.എം കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം കൈക്കലാക്കാന്‍ കഴിഞ്ഞില്ല.
പ്രതികളുടെ ദൃശ്യം എ.ടി.എമ്മിലെ സി.സി ടി.വിയില്‍നിന്ന് പൊലീസിന് ലഭിച്ചിരുന്നു. രാവിലെയെത്തിയ ബാങ്ക് അധികൃതരാണ് എ.ടി.എം തകര്‍ന്നുകിടക്കുന്നത് കണ്ടത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്റണിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ കരിമണ്ണൂര്‍ എസ്.എച്ച്.ഒ കെ.ജെ. ജോബി, എസ്.സി.പി.ഒ സുനില്‍കുമാര്‍, സി.പി.ഒമാരായ ടി.എ. ഷാഹിദ്, അജീഷ് തങ്കപ്പന് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ പ്രതികളെ കരിമണ്ണൂരിൽ എത്തിച്ചശേഷം വിശദമായ ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.